ന്യൂഡല്‍ഹി: മിതാലി രാജിനെ ട്വന്റി 20 ലോകകപ്പ് സെമിയില്‍ പുറത്തിരുത്തിയ നടപടിയെ തുടര്‍ന്ന് വനിതാ ടീം പരിശീലകന്‍ രമേഷ് പൊവാറിന് ചുമതല നീട്ടിനല്‍കിയേക്കില്ലെന്നു സൂചന.

ടീമിന്റെ താല്‍ക്കാലിക പരിശീലകനായിരുന്നു പൊവാര്‍. പൊവാറും ബി.സി.സി.ഐയുമായുള്ള കരാര്‍ വെള്ളിയാഴ്ച അവസാനിക്കും. ഈ സാഹചര്യത്തിലാണ് പൊവാര്‍ പുറത്തേക്കെന്ന അഭ്യൂഹം ശക്തമാകുന്നത്. 

മാത്രമല്ല മിതാലിയെ പുറത്താക്കും മുന്‍പ് പൊവാറിന് ബി.സി.സി.ഐയില്‍ ഏറെ സ്വാധീനമുള്ള ഒരു ഉന്നതന്റെ ഫോണ്‍ കോള്‍ ലഭിച്ചിരുന്നു. ഇയാളുടെ ഇടപെടലിനെ തുടര്‍ന്നാണ് മിതാലിയെ പുറത്തിരുത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ ബി.സി.സി.ഐ അധികൃതര്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടു മത്സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടിയ മിതാലിയെ ഈ ഉന്നതന്റെ സമ്മര്‍ദത്തിനു വഴങ്ങി പുറത്തിരുത്തിയത് ബി.സി.സി.ഐയെ ചൊടിപ്പിച്ചിട്ടുണ്ട്.

മിതാലിയെ കളിപ്പിക്കാതിരിക്കാനുള്ള ഈ സമ്മര്‍ദത്തെ ചെറുക്കാന്‍ പരിശീലകന്‍ ശ്രമിക്കാതിരുന്നതിലും ബി.സി.സി.ഐയ്ക്ക് അതൃപ്തിയുണ്ട്. ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രിയും ജി.എം സബാ കരീമും വിളിച്ച യോഗത്തില്‍ മിതാലിയെ ഓപ്പണര്‍ സ്ഥാനത്തുനിന്ന് മധ്യനിരയിലേക്കു മാറ്റിയതിനും സെമി ഫൈനല്‍ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനും കൃത്യമായ കാരണം വ്യക്തമാക്കാന്‍ പൊവാറിനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

പരിശീലകനെന്ന നിലയില്‍ തീരുമാനമെടുക്കുമ്പോള്‍ പൊവാര്‍ മിതാലിയുമായി സംസാരിക്കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നും ബി.സി.സി.ഐ ചൂണ്ടിക്കാട്ടി. എന്നാല്‍ പൊവാറിനെ കുറിച്ച് ടീമിനുള്ളില്‍ മികച്ച അഭിപ്രായമാണുള്ളത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ഭൂരിഭാഗം ടീം അംഗങ്ങളും പൊവാറിന്റെ പരിശീലന രീതികളെ പിന്തുണയ്ക്കുന്നവരാണ്.

Content Highlights: ramesh powar may pay price for mithali raj face off