ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ ജനിച്ച ഏറ്റവും മികച്ച ക്രിക്കറ്ററായി താന്‍ വിലയിരുത്തുന്നത് ഇന്ത്യയ്ക്ക് ആദ്യ ലോക കീരീടം സമ്മാനിച്ച കപില്‍ ദേവിനെയാണെന്ന് പ്രമുഖ ചരിത്രകാരന് രാമചന്ദ്ര ഗുഹ. മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.
ക്രിക്കറ്റ് ഫീല്‍ഡില്‍ കപില്‍ എന്തൊക്കെ ചെയ്തുവോ അതെല്ലാം ആവേശക്കാഴ്ചകള്‍ സമ്മാനിച്ചിട്ടുണ്ട്. ബൗളറെന്ന നിലയ്ക്ക് സുഗമവും വേഗം കൂടിവരുകയും ചെയ്യുന്ന റണ്‍- അപ്പ്, അതിനുശേഷമുള്ള ഉയര്‍ന്നുചാടിയുള്ള പന്തേറ്, ക്രീസില്‍ കുത്തിയുയരുന്ന ഔട്ട്സ്വിങ്ങറുകള്‍, ഇടയ്ക്കിടെയുള്ള ഓഫ്-കട്ടറും മൂര്‍ച്ചയേറിയ ബൗണ്‍സറുകളും. ക്രീസില്‍ ബാറ്റ് കൊണ്ട് അര്‍ധവൃത്തം തീര്‍ക്കുന്ന കരുത്തും റേഞ്ചുമുള്ള സ്ട്രോക്കുകള്‍, ഫീല്‍ഡില്‍ പാദങ്ങളുടെ ഉറപ്പ്, പിന്നെ ശക്തവും കൃത്യവും വളരെ വളരെ സുരക്ഷിതമായ കരങ്ങളും. ഇതുപോലെ തുല്യതയില്ലാത്ത ഓള്‍റൗണ്ട് ശേഷികള്‍ കാരണമാണ് രാജ്യത്തിതുവരെ ജനിച്ച ഏറ്റവും മികച്ച ക്രിക്കറ്ററായി കപില്‍ദേവിനെ താന്‍ വിലയിരുത്തുന്നതെന്ന് രാമചന്ദ്ര ഗുഹ വ്യക്തമാക്കി.
ഈ പദവിക്ക് അവകാശമുന്നയിക്കാന്‍ കഴിവുള്ള മറ്റൊരാളുണ്ടെങ്കില്‍ അത് സച്ചിന് തെണ്ടുല്‍ക്കറോ വിരാട് കോലിയോ അല്ലെന്നും അദ്ദേഹം പറയുന്നു. ആ താരം വിനു മങ്കാദാണ്. ബുദ്ധിമാനായ അറ്റാക്കിങ് ബാറ്റ്സ്മാനും ഇടംകൈയന്‍ സ്പിന്നറുമായ വിനു മങ്കാദിന് കപിലിനെപോലെ രണ്ടുതരത്തിലും ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനായി. നല്ലൊരു ഫീല്‍ഡര്‍ കൂടിയായിരുന്നു മങ്കാദ്.
ക്രിക്കറ്റിന്റെ കാര്യത്തില്‍ തെറ്റായ സ്ഥലത്ത് തെറ്റായ സമയത്ത് ജനിച്ച വ്യക്തിയായിരുന്നു വിനു മങ്കാദ്. ക്രിക്കറ്ററായി മങ്കാദ് പൂര്‍ണ പക്വത നേടിയ 22-ാം വയസില്‍ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആറു വര്‍ഷം കഴിഞ്ഞ് യുദ്ധം സമാപിച്ച ശേഷവും ഒരു പതിറ്റാണ്ടത്തെ ക്രിക്കറ്റ് ജീവിതം അദ്ദേഹത്തിന് ലഭിച്ചു.
അന്ന് ഇന്ത്യ വളരെക്കുറച്ച് അന്താരാഷ്ട്ര മത്സരങ്ങളിലേ പങ്കെടുക്കാറുള്ളൂ. അതിനാല്‍ 44 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനേ മങ്കാദിന് അവസരം ലഭിച്ചുള്ളൂ. ലോകമഹായുദ്ധം സംഭവിക്കാതിരിക്കുകയും ടീം ഇന്നത്തേതുപോലെ വര്‍ഷത്തില്‍ പത്തിലേറെ ടെസ്റ്റുകള്‍ കളിക്കുകയും ചെയ്തിരുന്നെങ്കില്‍ വിനോദ് മങ്കാദ് എവിടെയെത്തുമായിരുന്നു? ഇന്നത്തേതുപോലെ ക്രിക്കറ്റിന്റെ ചെറുരൂപങ്ങള്‍ അന്നുണ്ടായിരുന്നുണ്ടെങ്കില് മങ്കാദ് അതിലും കഴിവ് തെളിയിച്ചേനെ. അക്കാര്യത്തില്‍ കപില്‍ ഭാഗ്യവാനായിരുന്നു, എല്ലായിടത്തും മികവ് കാട്ടുകയും ചെയ്തു. അതുകൊണ്ടാണ് എല്ലാ കാലത്തെയും മഹത്തായ ഇന്ത്യന്‍ ക്രിക്കറ്ററായി താന്‍ കപിലിനെ നാമനിര്‍ദേശം ചെയ്യുന്നത്, രാമചന്ദ്ര ഗുഹ കൂട്ടിച്ചേര്‍ത്തു.
Content Highlights: ramachandra guha, kapil dev, sachin tendulkar, virat kohli
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..