രാജ്‌കോട്ട്:  ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. 159.3 ഓവറില്‍ ഇംഗ്ലണ്ട് 537 റണ്‍സെടുത്തു.

രണ്ടാം ദിനം സെഞ്ച്വറി നേടിയ മോയിന്‍ അലിയും ബെന്‍ സ്‌റ്റോക്ക്‌സുമാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ആദ്യ ദിനം ജോ റൂട്ടും സെഞ്ച്വറി നേടിയിരുന്നു. ഇതോടെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി മൂന്ന് ബാറ്റ്‌സ്മാന്‍മാരാണ് സെഞ്ച്വറി കണ്ടെത്തിയത്‌. 235 പന്തില്‍ 13 ഫോറും രണ്ട് സിക്‌സും നേടി സ്‌റ്റോക്ക്‌സ് 128 റണ്‍സടിച്ചു.13 ഫോറിന്റെ സഹായത്തോടെ 213 പന്തില്‍ 117 റണ്‍സാണ് മോയിന്‍ അലി നേടിയത്. 

ആദ്യദിനം ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട്  മൂന്ന് വിക്കറ്റിന് 102 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയിലായിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജോ റൂട്ടും മോയിന്‍ അലിയും ഇംഗ്ലണ്ടിനെ ശക്തമായ നിലയിലെത്തിക്കുകയായിരുന്നു.

moeen ali
മോയിന്‍ അലി ഷമിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുന്നു   ഫോട്ടോ:എ.പി

ഇരുവരും 48.2 ഓവറില്‍ 179 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 180 പന്തില്‍ 11 ഫോറിന്റയും ഒരു സിക്സിന്റെയും അകമ്പടിയോടെ 124 റണ്‍സ് നേടിയ ജോ റൂട്ടിനെ ഉമേഷ് യാദവ് പുറത്താക്കുകയായിരുന്നു. ആറാം വിക്കറ്റില്‍ സ്‌റ്റോക്ക്‌സും ബെയര്‍സ്‌റ്റോവും ചേര്‍ന്ന് നേടിയ 99 റണ്‍സും ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നു.46 റണ്‍സ് നേടിയ ബെയര്‍‌സ്റ്റോവിനെ മുഹമ്മദ് ഷമിയാണ് പുറത്താക്കിയത്‌.ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റ് വീഴ്ത്തി. ആര്‍.അശ്വിന്‍, മുഹമ്മദ് ഷമിയും ആര്‍.അശ്വിനും രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ദിവസത്തെ കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 63 റൺസെടുത്തിട്ടുണ്ട്. 25 റൺസുമായി മുരളി വിജയിയും 28 റൺസോടെ ഗൗതം ഗംഭീറുമാണ് ക്രീസിൽ.