രാജ്‌കോട്ട്: ദക്ഷിണാഫ്രിക്കക്ക് എതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം. ഓപ്പണര്‍ ക്വിന്റണ്‍ ഡീകോക്കിന്റെ (103) സെഞ്ച്വറിയും ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിയുടെ (60) അര്‍ധസെഞ്ച്വറിയുടെയും മികവില്‍ സന്ദര്‍ശകര്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെടുത്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്കായി ഡീകോക്കും സ്ഥാനക്കയറ്റം കിട്ടി ഓപ്പണറായെത്തിയ ഡേവിഡ് മില്ലറും മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മില്ലറിനെ (33) പുറത്താക്കി വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജനാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. അധികം വൈകാതെ ഹാഷിം ആംല (5) റണ്ണൗട്ടാവുക കൂടി ചെയ്തതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകള്‍ നല്‍കി.

എന്നാല്‍ പിന്നീട് ഡീകോക്കിനൊപ്പം ഒത്തുചേര്‍ന്ന ഡുപ്ലസിയും മികച്ച കളി കെട്ടഴിച്ചതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്ഥാനത്തായി. രാജ്‌കോട്ടിലെ റണ്ണൊഴുകുന്ന പിച്ചില്‍ സഖ്യം അനായാസം മുന്നേറി. മൂന്നാം വിക്കറ്റില്‍ ഇവര്‍ 118 റണ്‍സ് കൂട്ടിച്ചേര്‍ള്‍ത്തു. 118 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടെയാണ് ഡീകോക്ക് 103 റണ്‍സെടുത്തത്. 63 പന്തില്‍ ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് ഡുപ്ലസിയുടെ ഇന്നിങ്‌സ്.

രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 200 കടന്ന സന്ദര്‍ശകരുടെ തേരോട്ടത്തിന് തടയിട്ട് 39-ാം ഓവറില്‍ മോഹിത് ശര്‍മ ഇന്ത്യക്ക് നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കി. ഡുപ്ലസിയെ മോഹിത് ശര്‍മ ഭുവനേശ്വര്‍ കുമാറിന്റെ കയ്യിലെത്തിക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ഡീകോക്ക് റണ്ണൗട്ടാവുകയും ചെയ്തു.

അപകടകാരിയായ ഡിവില്ല്യേഴ്‌സിനെ (4) 41-ാം ഓവറിലെ ആദ്യ പന്തില്‍ അക്ഷര്‍ പട്ടേല്‍ മടക്കുക കൂടി ചെയ്തതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. 33 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ബെഹര്‍ദീന് മാത്രമേ അവസാന ഓവറുകളില്‍ സന്ദര്‍ശകര്‍ക്കായി കാര്യമായ സംഭാവന നല്‍കാനായുള്ളൂ.

അവസാന പത്തോവറില്‍ റണ്‍ വിട്ടുകൊടുക്കുന്നതിന്റെ പേരില്‍ ഏറെ പഴികേട്ട ഇന്ത്യന്‍ ബൗളിങ് നിര ഇന്ന് ആ കുറവ് നികത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. മുന്നൂറിന് മുകളിലുള്ള സ്‌കോര്‍ ഉറപ്പിച്ച ദക്ഷിണാഫ്രിക്കയെ 270 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്കായി. 60 റണ്‍സ് മാത്രമാണ് ഡെത്ത് ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിട്ടുകൊടുത്തത്. ഇതിനിടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.

മധ്യ ഓവറുകളിലെ റണ്ണൊഴുക്കിന് തടയിട്ട് സ്പിന്നര്‍മാര്‍ നടത്തിയ പ്രകടനവും ഇന്ത്യക്ക് പ്രതീക്ഷയേകുന്നതാണ്. ഹര്‍ഭജന്‍ സിങ് 41 റണ്‍സും അമിത് മിശ്ര 38 റണ്‍സും മാത്രമാണ് പത്തോവറില്‍ വിട്ടുകൊടുത്തത്. ഇന്ത്യക്കായി മോഹിത് ശര്‍മ രണ്ട് വിക്കറ്റെടുത്തു. ഹര്‍ഭജന്‍, അമിത് മിശ്ര, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് പങ്കിട്ടു.