രാജ്‌കോട്ട്: ദക്ഷിണാഫ്രിക്കക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 18 റണ്‍സ് തോല്‍വി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 271 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റിന് 252 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ മോര്‍നെ മോര്‍ക്കലാണ് ഇന്ത്യന്‍ മധ്യനിരയെ തകര്‍ത്തത്. 

സ്‌കോര്‍: ദക്ഷിണാഫ്രിക്ക-270/7 (50); ഇന്ത്യ- 252/6 (50).

ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ ആവര്‍ത്തനമായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സും. മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ മികവില്‍ ശക്തമായ നിലയിലായിരുന്ന ടീം അവസാന ഓവറുകളില്‍ തകരുകയായിരുന്നു.

ഇന്ത്യക്കായി വിരാട് കോലി (77), രോഹിത് ശര്‍മ (65), ധോനി (47) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. കഴിഞ്ഞ മത്സരത്തില്‍ അഞ്ചാമനായി ഇറങ്ങിയ ധോനി ഇന്ന് ഒരു പടികൂടി കയറി നാലാമനായാണ് ഇറങ്ങിയത്.

ആദ്യ വിക്കറ്റില്‍ ധവാനും രോഹിതും ചേര്‍ന്ന് 41 റണ്‍സും രണ്ടാം വിക്കറ്റില്‍ രോഹിത്-കോലി സഖ്യം 72 റണ്‍സും കൂട്ടിച്ചേര്‍ത്തു. മൂന്നാം വിക്കറ്റില്‍ നായകനും ഉപനായകനും ചേര്‍ന്ന് 80 റണ്‍സ് കൂടി എടുത്തതോടെ ഇന്ത്യ 41 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് എന്ന നിലയിലായിരുന്നു.

എന്നാല്‍ മധ്യനിര പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ഇന്ത്യ ആറിന് 216 എന്ന നിലയിലേക്ക് വീണു. റെയ്‌നയും (0) രഹാനെയും (4) നിലയുറപ്പിക്കും മുമ്പേ മടങ്ങി. അവസാന ഘട്ടത്തില്‍ ഹര്‍ഭജന്‍ സിങ്ങും (20*) അക്ഷര്‍ പട്ടേലും (15*) രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും അത് ടീമിനെ വിജയത്തിലെത്തിക്കാന്‍ പര്യാപ്തമായില്ല.

പത്തോവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 39 റണ്‍സ് മാത്രം വഴങ്ങിയാണ് മോര്‍ക്കല്‍ നാല് ഇന്ത്യന്‍ വിക്കറ്റുകള്‍ പിഴുതത്. ഡുമിനിക്കും ഇമ്രാന്‍ താഹിറും ഓരോ വിക്കറ്റ് പങ്കിട്ടു. മോര്‍ക്കലാണ് മാന്‍ ഓഫ് ദ മാച്ച്.

ഡീകോക്കിന് സെഞ്ച്വറി; ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം