വെല്ലിങ്ടണ്‍: പെര്‍ത്തില്‍ കളിമറന്ന ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് കണ്ടുപഠിക്കാന്‍ അയല്‍ക്കാരായ ശ്രീലങ്കയുടെ റെക്കോഡ് പ്രകടനം. രണ്ടാം ഇന്നിങ്‌സില്‍ പുറത്തെടുത്ത അദ്ഭുതകരമായ ബാറ്റിങ് പ്രകടനത്തിലൂടെ ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് ശ്രീലങ്ക സമനിലയിലാക്കി. ഇന്നിങ്‌സ് തോല്‍വിയുടെ വക്കിലായിരുന്ന ലങ്കയെ റെക്കോഡ് ബാറ്റിങ് പ്രകടനത്തിലൂടെ മുന്‍ നായകന്‍ ഏഞ്ചലോ മാത്യൂസും കുശാല്‍ മെന്‍ഡിസും കരകയറ്റുകയായിരുന്നു.

മത്സരത്തിന്റെ നാലാം ദിനം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ഈ കൂട്ടുകെട്ട് പിടിച്ചു നിന്നു. വെല്ലിങ്ടണില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ്, ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 282 റണ്‍സിന് പുറത്തായ ലങ്കയ്‌ക്കെതിരേ ന്യൂസീലന്‍ഡ് ടോം ലാഥമിന്റെ ഇരട്ട സെഞ്ചുറി (264*) മികവില്‍  578 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. 319 റണ്‍സിന്റെ വമ്പന്‍ ലീഡും. ന്യൂസീലന്‍ഡിനായി ടിം സൗത്തി ആറു വിക്കറ്റും വീഴ്ത്തി.

രണ്ടാമിന്നിങ്‌സ് ബാറ്റിങ് തുടങ്ങി 13 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ ശ്രീലങ്ക ഇന്നിങ്‌സ് പരാജയം ഉറപ്പിച്ചെന്ന ഘട്ടത്തിലാണ് നാലാം വിക്കറ്റില്‍ ഏഞ്ചലോ മാത്യൂസും കുശാല്‍ മെന്‍ഡിസും ന്യൂസീലന്‍ഡിന്റെ സ്വപ്‌നങ്ങളെ തകര്‍ത്തത്. നാലാം ദിനം ഇരുവരും ക്രീസില്‍ ഉറച്ചു നിന്നപ്പോള്‍ ന്യൂസീലന്‍ഡിന് അന്ന് ഒരു വിക്കറ്റ്  പോലും വീഴ്ത്താനായില്ല. ക്ഷമാപൂര്‍വം ന്യൂസീലന്‍ഡ് ബൗളര്‍മാരെ നേരിട്ട ഇരുവരും 90 ഓവറുകള്‍ മുഴുവന്‍ പിടിച്ചു നിന്നു. 

അവസാനദിനം മഴ വില്ലനായതോടെ 13 ഓവര്‍ മാത്രമാണ് മത്സരം നടന്നത്. നാലാം ദിനം പോലെ തന്നെ അഞ്ചാം ദിനവും മാത്യൂസ്-മെന്‍ഡിസ് സഖ്യത്തെ പിരിക്കാന്‍ കിവീസ് ബൗളര്‍മാര്‍ക്കായില്ല. ഒടുവില്‍ ലങ്ക മൂന്നിന് 287 എന്ന നിലയില്‍ നില്‍ക്കെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. മെന്‍ഡിസ് 335 പന്തില്‍ നിന്ന് 141 റണ്‍സോടെയും മാത്യൂസ് 323 പന്തില്‍ നിന്ന് 120 റണ്‍സോടെയും പുറത്താകാതെ നിന്നു. 

നാലാം വിക്കറ്റില്‍ 274 റണ്‍സാണ് ഇരുവരും സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. നാലാം ദിനത്തില്‍ ഇരുവരും ഒരു സിക്‌സര്‍ പോലും നേടിയിരുന്നില്ല. ന്യൂസീലന്‍ഡിനെതിരേ ലങ്കയുടെ മികച്ച കൂട്ടുകെട്ടെന്ന റെക്കോഡും ഇരുവരും സ്വന്തമാക്കി. 

സ്‌കോര്‍: ശ്രീലങ്ക ഒന്നാം ഇന്നിംഗ്‌സ് 282, 287/3, ന്യൂസിലന്‍ഡ് 578

rain mendis mathews defiance seal draw in wellington test

പത്തു വര്‍ഷത്തിനിടെ ആദ്യ സംഭവം

ടെസ്റ്റ് ക്രിക്കറ്റിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഒരു ദിനത്തിലെ 90 ഓവറുകളും പിടിച്ചു നില്‍ക്കുന്നത്. ഇതനു മുന്‍പ് 2008 ഫെബ്രുവരിയിലാണ് ഇത്തരമൊന്ന് സംഭവിക്കുന്നത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഗ്രെയിം സ്മിത്ത്-നീല്‍ മക്കെന്‍സി സഖ്യമാണ് വിക്കറ്റ് നഷ്ടപ്പെടുത്താതെ ഒരു ദിവസം മുഴുവന്‍ പിടിച്ചു നിന്നത്.

ശ്രീലങ്കയ്ക്കായി 2006-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ മഹേല ജയവര്‍ധന-കുമാര്‍ സംഗക്കാര സഖ്യം ഇത്തരത്തില്‍ ഒരു ദിനം മുഴുവന്‍ പിടിച്ചുനിന്നിട്ടുണ്ട്. 2001-ലെ പ്രസിദ്ധമായ കൊല്‍ക്കത്ത ടെസ്റ്റില്‍ വി.വി.എസ് ലക്ഷ്മണും രാഹുല്‍ ദ്രാവിഡും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: rain mendis mathews defiance seal draw in wellington test