മുംബൈ: സിഡ്നി ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ പതിമൂന്നംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. കെ.എല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതും ഇഷാന്ത് ശര്‍മ്മയെ തഴഞ്ഞതുമാണ് രോഷത്തിന് കാരണം.
അഡ്ലെയ്ഡില് ആദ്യ ഇന്നിങ്സില്‍ രണ്ടും രണ്ടാം ഇന്നിങ്സില്‍ 44 റണ്‍സും ആയിരുന്നു രാഹുലിന്റെ സമ്പാദ്യം. പെര്‍ത്തിലെത്തിയപ്പോള്‍ ആദ്യ ഇന്നിങ്സില്‍ രണ്ടും രണ്ടാം ഇന്നിങ്സില്‍ പൂജ്യവുമായി. ഇത്തരത്തില്‍ പ്രകടനം പുറത്തെടുക്കുന്ന രാഹുലിനെ ടീമില്‍ എന്തിനാണ് ഉള്‍പ്പെടുത്തിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
അതേസമയം ഉമേഷ് യാദവിനെ ടീമിലുള്‍പ്പെടുത്താന്‍ ഇഷാന്തിനെ തഴഞ്ഞതിനെക്കുറിച്ചും ആരാധകര്‍ പരാതിപ്പെടുന്നു. മൂന്ന് ടെസ്റ്റില്‍ നിന്ന് 11 വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് മികച്ച ഫോമിലുമാണ്. അതുപോലെ മുഹമ്മദ് ഷമി-ജസ്പ്രീത് ബുംറ-ഇഷാന്ത് ശര്‍മ്മ പേസ് ത്രയം ടൂര്‍ണമെന്റില്‍ മികച്ച ധാരണയിലാണ് മുന്നോട്ടുപോകുന്നത്. അത് പൊളിച്ചത് എന്തിനാണെന്നും ആരാധകര്‍ ചോദിക്കുന്നു.
പരമ്പരയില്‍ 2-1ന് ലീഡുള്ളതിനാല്‍ മൂന്നാം ടെസ്റ്റിലെ ടീമിനെ തന്നെ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ നിലനിര്‍ത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ രോഹിത് ശര്‍മ്മ കുഞ്ഞിനെ കാണാനായി നാട്ടിലേക്ക് മടങ്ങിയതോടെ ടീം അഴിച്ചുപണിയാന്‍ കോലി നിര്‍ബന്ധിതനാവുകയായിരുന്നു.
രാഹുലിനെയോ അതല്ലെങ്കില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെയോ ആകും രോഹിതിന് പകരക്കാരനായി അവസാന ഇലവനില്‍ ഉള്‍പ്പെടുത്തുക. സിഡ്നിയിലെ പിച്ച് സ്പിന്നിനെ സഹായിക്കുന്നതിനാല്‍ കുല്‍ദീപിനാണ് സാധ്യത കൂടുതല്‍. രവീന്ദ്ര ജഡേജയ്ക്കൊപ്പം കുല്‍ദീപായിരിക്കും ഇന്ത്യയുടെ സ്പിന്‍ ആക്രമണം നയിക്കുക. അതേസമയം ശാരീരികക്ഷമത വീണ്ടെടുക്കാത്ത അശ്വിനെ ടീമിൽ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അവസാന നിമിഷമേ തീരുമാനമുണ്ടാകൂ. ഒരു എക്സ്ട്രാ ബാറ്റ്സ്മാനുമായി പോകാനാണ് കോലിയുടെ തീരുമാനമെങ്കില്‍ രാഹുലിന് നറുക്ക് വീഴാനും സാധ്യതയുണ്ട്.
Content Highlights: Rahul's inclusion and Ishant Sharma's Exclusion Team India Sydney Test
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..