ന്യൂഡല്‍ഹി: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ യുവനിര കിരീടം ചൂടിയപ്പോള്‍ അതില്‍ എല്ലായിടത്തും രാഹുല്‍ ദ്രാവിഡിന്റെ ഒരു സ്പര്‍ശമുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിന്റെ വിജയാഘോഷത്തില്‍ പോലും ദ്രാവിഡിന്റെ നിര്‍ദേശം ഇന്ത്യന്‍ യുവനിര നടപ്പിലാക്കി. എപ്പോഴും എതിരാളിയെ ബഹുമാനിക്കണമെന്ന പാഠമാണ് ദ്രാവിഡ് പകര്‍ന്നു നല്‍കുക.

ലോകകപ്പിലെ സെമിഫൈനലിന് ശേഷം പാകിസ്താന്റെ ഡ്രസ്സിങ് റൂം സന്ദര്‍ശിച്ചാണ് ദ്രാവിഡ് ആ പാഠം ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയത്. 203 റണ്‍സിന്റെ തോല്‍വിയെന്ന നാണക്കേടില്‍ മുങ്ങിനില്‍ക്കുകയായിരുന്ന പാക് ടീമിന് അടുത്തെത്തിയ ദ്രാവിഡ് അവര്‍ക്ക് പ്രചോദനം നല്‍കി. പാകിസ്താന്‍ അണ്ടര്‍-19 ടീം മാനേജര്‍ നദീം ഖാനാണ് ദ്രാവിഡിന്റെ ഈ അപ്രതീക്ഷിത സന്ദര്‍ശനം വെളിപ്പെടുത്തിയത്. ദ്രാവിഡിന്റെ ആ പ്രവൃത്തിയെ താന്‍ അഭിനന്ദിക്കുന്നുവെന്നും മുന്‍ ടെസ്റ്റ്താരം കൂടിയായ നദീം വ്യക്തമാക്കി. 

എന്നാല്‍ പാക് ടീമിന്റെ ഡ്രസ്സിങ് റൂമില്‍ താന്‍ സന്ദര്‍ശനം നടത്തിയിട്ടില്ലെന്ന് ദ്രാവിഡ് വ്യക്തമാക്കി. മുംബൈയിലെ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദ്രാവിഡ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 'ഞാനവരുടെ ഡ്രസ്സിങ് റൂമില്‍ പോയിട്ടില്ല. അവരുടെ ഒരു ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളറെ അഭിനന്ദിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. അവന്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.' ദ്രാവിഡ് വ്യക്തമാക്കി. 

നേരത്തെ മുന്‍ പാക് താരം ഷാഹിദ് അഫ്രീദി ദ്രാവിഡിന് അഭിനന്ദനങ്ങളുമായി ട്വീറ്റ് ചെയ്തിരുന്നു. രാഹുല്‍ ദ്രാവിഡ് മികച്ച പരിശീലകനും മെന്ററുമാണെന്നായിരുന്നു അഫ്രീദിയുടെ ട്വീറ്റ്.

Content Highlights: Rahul Dravid wins praise from Pakistan U-19 management for his warm gesture