-
ഇസ്ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റിന് രാഹുൽ ദ്രാവിഡ് ആരായിരുന്നു എന്നറിയണമെങ്കിൽ വെറുതെ ഒന്ന് അദ്ദേഹത്തിന്റെ കളിക്കണക്കുകളിലേക്ക് കണ്ണോടിച്ചാൽ മതി. ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്തനായ താരമായതിനാൽ തന്നെയാണ് അദ്ദേഹത്തിന് ഇന്ത്യയുടെ വൻമതിലെന്ന വിശേഷണം ലഭിച്ചത്. ഓരോ തവണ ദ്രാവിഡ് ക്രീസിലേക്കെത്തുമ്പോഴും അദ്ദേഹത്തെ തിരിച്ചയക്കുക എന്നത് എത്രത്തോളം ബുദ്ധിമുട്ടായിരുന്നുവെന്ന് ബൗളർമാർ മനസിലാക്കിക്കൊണ്ടിരുന്നു.
2001-ൽ ഈഡൻ ഗാർഡൻസിൽ ഓസീസിനെതിരേ പുറത്തെടുത്ത പ്രകടനവും 1999 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരേ നേടിയ 153 റൺസുമെല്ലാം ദ്രാവിഡിലെ പ്രതിഭയെ തുറന്നുകാണിച്ച ഇന്നിങ്സുകളായിരുന്നു.
സച്ചിൻ എന്ന ഇതിഹാസം ടീമിലുണ്ടായിരുന്നപ്പോഴും ടീമിലും ആരാധക മനസിലും തന്റേതായ സ്ഥാനം നേടാൻ ദ്രാവിഡിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ ദ്രാവിഡിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് ക്രിക്കറ്റ് താരം റമീസ് രാജ.
''ഒരുപക്ഷേ സച്ചിനോളം പ്രതിഭയുണ്ടായിരുന്ന താരമായിരുന്നില്ല രാഹുൽ ദ്രാവിഡ്. ഏറ്റവും മികച്ച താരത്തോട് പിടിച്ചുനിൽക്കാനും മത്സരിക്കാനും അദ്ദേഹത്തിന് സാധിച്ചു. നിങ്ങളുടെ കഴിവിന്റെ പരാമവധി മികച്ച പ്രകടനം പുറത്തെടുത്തിട്ടും ടീമിലെ മികച്ച ബാറ്റ്സ്മാനായി മാറാൻ സാധിക്കാതിരുന്നാൽ അത് ആരെയും നിരാശരാക്കുന്ന സംഗതിയാണ്. എന്നിട്ടും പല സന്ദർഭങ്ങളിലും സച്ചിനെ പോലും നിഷ്പ്രഭനാക്കാൻ ദ്രാവിഡിന് സാധിച്ചിട്ടുണ്ട്. വെല്ലുവിളി നിറഞ്ഞ പിച്ചുകളിൽ ദ്രാവിഡ് മികച്ച ബാറ്റ്സ്മാനായിരുന്നു, കാരണം അദ്ദേഹത്തിന്റെ പ്രതിരോധം പാറ പോലെ ഉറച്ചതായിരുന്നു. ശരിക്കും നിങ്ഹൾ ദ്രാവിഡിനെ ബഹുമാനിക്കണം. ഒരു താരത്തിന്റെ മഹത്വം വിലയിരുത്തപ്പെടുന്നത് ഡ്രസിങ് റൂമിലാണ്. ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിൽ ഒരു താരം തങ്ങളെ നിരാശപ്പെടുത്തില്ലെന്നും 30-50 റൺസെങ്കിലും നേടുമെന്നും ഒരു ടീം ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ കാര്യം.'' - സ്പോർട്സ്കീഡയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ റമീസ് രാജ പറഞ്ഞു.
ഇന്ത്യയ്ക്കായി 164 ടെസ്റ്റിൽ നിന്ന് 52.31 ശരാശരിയിൽ 13,288 റൺസും 344 ഏകദിനങ്ങളിൽ നിന്ന് 39.16 ശരാശരിയിൽ 10,889 റൺസും നേടിയ താരമാണ് ദ്രാവിഡ്.
Content Highlights: Rahul Dravid was not as gifted as Sachin Tendulkar but at times outdid Ramiz Raja
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..