മുംബൈ: ഇന്ത്യയുടെ മുൻ ക്യാപ്റ്റനും ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനുമായ രാഹുൽ ദ്രാവിഡിന് കീഴിലാണ് ഇന്ത്യൻ ടീം ശ്രീലങ്കയിൽ പര്യടനത്തിന് ഒരുങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഇംഗ്ലണ്ട് പര്യടനവും നടക്കുന്നതിനാൽ ഇന്ത്യയുടെ യുവനിരയാകും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലുണ്ടാകുക. ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത യുവതാരങ്ങളെല്ലാം ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20, ഏകദിന പരമ്പരയിൽ കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.

ഈ സാഹചര്യത്തിൽ ദ്രാവിഡിന് കീഴിൽ കളിച്ച അനുഭവം പങ്കുവെയ്ക്കുകയാണ് ഇന്ത്യയുടെ യുവതാരം പൃഥ്വി ഷാ. ഇന്ത്യൻ ടീം പൃഥ്വി ഷായ്ക്ക് കീഴിൽ അണ്ടർ-19 ലോകകപ്പ് നേടിയപ്പോൾ രാഹുൽ ദ്രാവിഡ് ആയിരുന്നു പരിശീലകൻ. കളിക്കാർക്കെല്ലാം അന്ന് ദ്രാവിഡിനെ പേടിയായിരുന്നെന്ന് പൃഥ്വി ഷാ പറയുന്നു. ക്രിക്ക്ബസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വി ഷാ.

'ദ്രാവിഡ് സർ ഞങ്ങളുടെ കൂടെ ഡിന്നറിന് വരുന്നെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ ശരിക്കും ഭയന്നു. കാരണം സർ ഉണ്ടെങ്കിൽ അച്ചടക്കം പ്രധാനമാണ്. എന്നാൽ അദ്ദേഹത്തെപ്പോലൊരു ഇതിഹാസ താരത്തിനൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുക എന്നത് സ്വപ്നതുല്ല്യമായ അനുഭവമായിരുന്നു. അണ്ടർ-19 ലോകകപ്പിന് മുമ്പും ഞങ്ങൾ വിദേശ പരമ്പരകളിൽ ഒരുമിച്ചുണ്ടായിട്ടുണ്ട്. ഒരിക്കലും തന്നെപ്പോലെ കളിക്കണം എന്ന് ദ്രാവിഡ് സർ നിർബന്ധിക്കില്ല. ആരുടേയും ബാറ്റിങ് സ്റ്റൈലിലും സർ മാറ്റങ്ങൾ നിർദേശിക്കില്ല. അവരവരുടെ സ്വാഭാവിക സ്റ്റൈൽ തുടരാനാണ് എപ്പോഴും ആവശ്യപ്പെടാറുള്ളത്.

കളിക്കാരന്റെ ടെക്നിക്കിനേക്കാളും മാനസികമായ കാര്യങ്ങളിലും തന്ത്രങ്ങളിലും സമീപനത്തിലുമാണ് അദ്ദേഹം എപ്പോഴും കോച്ചിങ് പാഠങ്ങൾ നൽകാറുള്ളത്. ടീം മീറ്റിങ്ങുകളിലും അധികം സംസാരിക്കാറില്ല. തെറ്റ് ആവർത്തിച്ചാൽ മാത്രം ചൂണ്ടിക്കാണിക്കും. അദ്ദേഹവും അണ്ടർ-19 ക്രിക്കറ്റ് കളിച്ച താരമാണ്. അതുകൊണ്ടുതന്നെ ഞങ്ങളുടെ മാനസികാവസ്ഥയെ കുറിച്ച് അദ്ദേഹത്തിന് നല്ലതുപോലെ ധാരണ ഉണ്ടായിരുന്നു. ഓരോ കളിക്കാരനോടും സർ വ്യക്തിപരമായി സംസാരിക്കും.' പൃഥ്വി ഷാ അഭിമുഖത്തിൽ പറയുന്നു.

Content Highlights: Rahul Dravid used to join us for dinner during 2018 U 19 World Cup but we were scared of him says Prithvi Shaw