മുംബൈ: അണ്ടര്‍-19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ സംഘത്തിന് നല്‍കിയ സമ്മാനത്തില്‍ ബി.സി.സി.ഐ വിവേചനം കാണിച്ചെന്ന് ടീം പരിശീലകനും മുന്‍താരവുമായ രാഹുല്‍ ദ്രാവിഡ്.ദ്രാവിഡിന് 50 ലക്ഷവും കളിക്കാര്‍ക്ക് ഓരോരുത്തര്‍ക്കുമായി 30 ലക്ഷവും സപ്പോര്‍ട്ട് സ്റ്റാഫിന് 20 ലക്ഷം രൂപയുമാണ് ബി.സി.സി.ഐ സമ്മാനമായി പ്രഖ്യാപിച്ചത്.

എന്നാല്‍ തന്റെ സപ്പോര്‍ട്ട് സ്റ്റാഫിന് അനുവദിച്ച തുകയും തനിക്ക് അനുവദിച്ച തുകയും തമ്മിലെ വലിയ അന്തരം ദ്രാവിഡിനെ രോഷാകുലനാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എല്ലാവരും കിരീടത്തിനായി ഒരുപോലെയാണ് പ്രയത്‌നിച്ചതെന്നും പിന്നെ എന്തിനാണ് ഈ അന്തരമെന്നുമാണ് ദ്രാവിഡ് ചോദിക്കുന്നത്. ഇക്കാര്യം ബി.സി.സി.ഐയെ ദ്രാവിഡ് നേരിട്ടറിയിച്ചെന്നും സപ്പോര്‍ട്ട് സ്റ്റാഫിനുള്ള സമ്മാനത്തുക വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്. 

മുംബൈയില്‍ ടീമിന് ഒരുക്കിയ സ്വീകരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സപ്പോര്‍ട്ട് സ്റ്റാഫിനെ ദ്രാവിഡ് അഭിനന്ദിച്ചിരുന്നു. ഓരോരുത്തരുടേയും പേരെടുത്ത് പറയുന്നില്ല. എല്ലാവരും ഒന്നിനൊന്ന് മികച്ച രീതിയില്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. അതിന്റെ ഫലമാണ് ഈ കിരീടനേട്ടം. ദ്രാവിഡ് വ്യക്തമാക്കി. 

തനിക്ക് കൂടുതല്‍ മാധ്യമശ്രദ്ധ കിട്ടേണ്ട ആവശ്യമില്ലെന്നും കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫുമില്ലെങ്കില്‍ ഈ നേട്ടത്തിലെത്താനാകില്ലെന്നും ദ്രാവിഡ് ചൂണ്ടിക്കാട്ടി. വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ അവര്‍ക്കാണ് ദ്രാവിഡ് സമര്‍പ്പിച്ചത്. ഇന്ത്യ ജൂനിയര്‍ ടീമിനെയും എ ടീമിനെയും പരിശീലിപ്പിക്കുന്നതിന് പ്രതിവര്‍ഷം നാലു കോടി രൂപയാണ് ബി.സി.സി.ഐ ദ്രാവിഡിന് പ്രതിഫലം നല്‍കുന്നത്. 

Content Highlights: Rahul Dravid unhappy with him getting more cash prize than players, support staff