വൃദ്ധിമാൻ സാഹ | Photo: PTI
കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഇടം ലഭിക്കാതെപോയതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഉന്നതര്‍ക്കെതിരേ ആരോപണവുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹ രംഗത്ത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ, ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കെതിരേയാണ് സാഹയുടെ ആരോപണങ്ങള്‍. ഇനി ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്നും വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്നും രാഹുല്‍ ദ്രാവിഡും ചേതന്‍ ശര്‍മയും നിര്‍ദേശിച്ചതായി സാഹ പറയുന്നു. ബിസിസഐയുടെ തലപ്പത്ത് താന്‍ ഉള്ളിടത്തോളം കാലം ടീമില്‍ ഇടം ഉറപ്പുനല്‍കിയ ഗാംഗുലി പിന്നീട് വാക്കുമാറ്റിയെന്നും സാഹ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
സാഹയുമായുള്ള അഭിമുഖത്തില്‍ നിന്ന്
'ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് ശേഷം രാഹുല്‍ ഭായ് എന്നെ റൂമിലേക്ക് വിളിപ്പിച്ചു. ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് രാഹുല്‍ ഭായ് എന്നോട് പറഞ്ഞത്. ഇത് എങ്ങനെയാണ് നിന്നോട് പറയേണ്ടത് എന്ന് എനിക്ക് അറിയില്ലെന്ന മുഖവുരയോടെയായിരുന്നു അദ്ദേഹം സംസാരം തുടങ്ങിയത്. ടെസ്റ്റില്‍ പുതിയൊരു വിക്കറ്റ് കീപ്പറെ പരീക്ഷിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ച വിവരം അദ്ദേഹം എന്നെ അറിയിച്ചു. ടീമിലുണ്ടെങ്കിലും ഞാന്‍ കളിക്കാത്ത സാഹചര്യത്തില്‍ പുതിയ വിക്കറ്റ് കീപ്പറെ വളര്‍ത്തിയെടുക്കാനാണ് തീരുമാനം എന്നും പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ഞാന്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ ഞെട്ടിപ്പോകരുതെന്നും അതിനിടയില്‍ വേറെ എന്തെങ്കിലും തീരുമാനം എടുക്കണമെങ്കില്‍ അതു ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.എന്നോട് വിരമിക്കാന്‍ പരോക്ഷമായി ആവശ്യപ്പെടുകയാണ് അദ്ദേഹം ചെയ്തത്. ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത് അതിനോട് അത്രയും ഇഷ്ടമുള്ളതിനാലാണെന്നും വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യുന്നില്ലെന്നും ഞാന്‍ രാഹുല്‍ ബായിക്ക് മറുപടി നല്‍കി.
പത്ത്-പന്ത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മയും എന്നെ വിളിച്ചു. ഞാന്‍ രഞ്ജി ട്രോഫി കളിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചു. ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഞാന്‍ മറുപടി നല്‍കി. പിന്നീട് രാഹുല്‍ ഭായ് എന്താണോ പറഞ്ഞത് അത് ചേതന്‍ ശര്‍മയും ആവര്‍ത്തിച്ചു. ഇത് ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ മാത്രമാണോ അതോ ഇനിയുള്ള എല്ലാ പരമ്പരയിലും ഇങ്ങനെയാണോ തീരുമാനമെന്ന് ഞാന്‍ അദ്ദേഹത്തോട് തിരിച്ചുചോദിച്ചു. ഒരു നിമിഷം മിണ്ടാതിരുന്ന ശേഷം അദ്ദേഹം നല്‍കിയ മറുപടി 'ഇനി മുതല്‍ നിങ്ങളെ പരിഗണിക്കില്ല' എന്നായിരുന്നു.
അതു എന്തുകൊണ്ടാണെന്ന് എനിക്ക് അറിയണമായിരുന്നു. എന്റെ പ്രകടനവും ഫിറ്റ്‌നസുമാണോ പ്രശ്‌നമെന്ന് ഞാന്‍ ചോദിച്ചു. അതു രണ്ടുമല്ല പ്രശ്‌നമെന്നും പുതിയ വിക്കറ്റ് കീപ്പറെ പരീക്ഷിക്കാനാണ് ഇങ്ങനെ തീരുമാനമെടുത്തതെന്നും ചേതന്‍ വ്യക്തമാക്കി. ഞാന്‍ ആ തീരുമാനത്തെ പിന്നീട് ചോദ്യം ചെയ്തില്ല. എനിക്ക് വേണമെങ്കില്‍ ഇനി മുതല്‍ രഞ്ജി ട്രോഫി കളിക്കാം എന്നും അദ്ദേഹം പറഞ്ഞു. അതായത് ചുരുക്കത്തില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ എന്റെ കരിയര്‍ അവസാനിച്ചു എന്ന രീതിയിലാണ് രാഹുല്‍ ബായിയും ചേതന്‍ ശര്‍മയും സംസാരിച്ചത്.
ചേതന്റെ നിര്‍ദേശം പോലെ ഞാന്‍ ഈ സീസണില്‍ രഞ്ജി ട്രോഫി കളിക്കുന്നില്ല. അത് ടീമില്‍ ഉള്‍പ്പെടുത്താതിനോടുള്ള നിരാശ കാരണമല്ല. ഭാര്യക്ക് ഡെങ്കിപ്പനി ബാധിച്ചതിനാല്‍ കുടുംബത്തിനൊപ്പം അല്‍പം സമയം ചെലവഴിക്കാം എന്നു കരുതിയാണ്. എനിക്ക് രണ്ട് ചെറിയ കുഞ്ഞുങ്ങളുണ്ട്. ഭാര്യയുടെ അസുഖം പൂര്‍ണമായും ഭേദമാകുന്നതു വരെ അവരോടൊപ്പം കഴിയാം എന്നു കരുതിയാണ്. ഇക്കാര്യം രഞ്ജി സീസണ്‍ തുടങ്ങുന്നതിനു മുമ്പുതന്നെ ഞാന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിരുന്നു.
കഴിഞ്ഞ നവംബറില്‍ കാണ്‍പുരില്‍ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ കടുത്ത വേദനകള്‍ക്കിടയിലും വേദനസംഹാരി കഴിച്ചാണ് ഞാന്‍ ബാറ്റു ചെയ്തത്. അന്നു പുറത്താകാതെ 61 റണ്‍സ് നേടി ടീമിന് സമനില സമ്മാനിച്ചിരുന്നു. എന്റെ പ്രകടനത്തെ അഭിനന്ദിച്ച് ഗാംഗുലി വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു. അദ്ദേഹം ബിസിസിഐയുടെ തലപ്പത്ത് ഉള്ളിടത്തോളം കാലം ഒന്നും പേടിക്കേണ്ടെന്നും അന്ന് അറിയിച്ചിരുന്നു. ബിസിസിഐയുടെ പ്രസിഡന്റില്‍ നിന്ന് ഇത്തരമൊരു സന്ദേശം ലഭിച്ചാല്‍ നമ്മുടെ ആത്മവിശ്വാസം എത്രത്തോളമാകുമെന്ന് ആലോചിച്ചുനോക്കൂ. പക്ഷേ അതിനുശേഷം എല്ലാം മാറിപ്പോയി. എന്താണ് സംഭവിച്ചതെന്ന് അറിയില്ല.'
Content Highlights: Rahul Dravid Suggested Retirement Furious Wriddhiman Saha Slams Team Management
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..