ബെംഗളൂരു: അടുത്ത ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയെന്ന് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്. സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും അടങ്ങുന്ന കരുത്തുറ്റ ടീമിനെയാണ് ഓസീസ് അണിനിരത്തുകയെന്നും അതുകൊണ്ട് ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്നും ദ്രാവിഡ് പറയുന്നു. സോണി സ്പോർട്സിന്റെ ടെൻ പിറ്റ് സ്റ്റോപ്പ് പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു ദ്രാവിഡ്.

'ഓസ്ട്രേലിയൻ ടീമിൽ നിലവിലുള്ളവരിൽ മികച്ച താരങ്ങളാണ് സ്മിത്തും വാർണറും. ഇവരുടെ കൂടെ ലബൂഷെയ്ൻ കൂടിയെത്തുന്നതോടെ ഓസീസിന് കൂടുതൽ കരുത്ത് ലഭിക്കും. കഴിഞ്ഞ തവണ കളിക്കുമ്പോൾ മൂന്നു പേരും ടീമിലില്ലായിരുന്നു-' ദ്രാവിഡ് ചൂണ്ടിക്കാട്ടുന്നു.

ഓസ്ട്രേലിയയെ അവരുടെ മണ്ണിൽ നേരിടാൻ കെൽപ്പുള്ള താരങ്ങൾ ഇന്ത്യൻ ടീമിലുണ്ടെന്ന് വ്യക്തമാക്കിയ ദ്രാവിഡ് ഈ വർഷം നടക്കാൻ പോകുന്ന ഏറ്റവും മികച്ച മത്സരമായിരിക്കും ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ കാണാൻ കഴിയുകയെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ബൗളർമാർ അടുത്തകാലത്ത് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇത് ഇന്ത്യക്ക് കരുത്തേകും. ദ്രാവിഡ് കൂട്ടിച്ചേർത്തു.

Content Highlights: Rahul Dravid sends Steve Smith David Warner warning to Virat Kohli and team