മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 3-2ന് വിജയിക്കുമെന്ന് പ്രവചിച്ച് മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. ഓസ്‌ട്രേലിയക്കെതിരായ വിജയം ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഇന്ത്യ മികച്ച രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിശ്വാസമെന്നും ദ്രാവിഡ് പറഞ്ഞു. ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് വിജയിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ഇതെന്നും ദ്രാവിഡ് ചൂണ്ടിക്കാട്ടുന്നു.

കോവിഡ് ബാധിച്ചവരെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന ലൈവ് എയ്ഡ് ഇന്ത്യ നടത്തിയ വെബിനാറില്‍ സംസാരിക്കുകയായിരുന്നു ദ്രാവിഡ്. 'ഇംഗ്ലണ്ടില്‍ കളിച്ച് പഠിച്ച് അനുഭവസമ്പത്തുള്ളവര്‍ ടീമിലുണ്ട്. അതുകൊണ്ട് മികച്ച അവസരമാണ് ഇത്. ചിലപ്പോള്‍ 3-2ന് ഇന്ത്യ പരമ്പര സ്വന്തമാക്കും. അശ്വിനും ബെന്‍ സ്‌റ്റോക്ക്‌സും തമ്മിലുള്ള മത്സരം പരമ്പരയിലെ രസകരമായ ഒന്നാകും.' ദ്രാവിഡ് പറയുന്നു. 

'ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയില്‍ ജോ റൂട്ടിനെ പോലെയും ബെന്‍ സ്‌റ്റോക്ക്‌സിനെ പോലെയും മികച്ച താരങ്ങളുണ്ട്. പേസ് ബൗളര്‍മാരുടെ പ്രകടനം മികച്ചതായിരിക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷം ഇംഗ്ലണ്ട് പരമ്പരയ്ക്ക് തയ്യാറെടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അധിക സമയം ലഭിക്കും' ദ്രാവിഡ് പറയുന്നു. 

Content Highlights: Rahul Dravid predicts india vs england test series