ന്യൂഡല്‍ഹി: സാഹചര്യത്തിനനുസരിച്ച് കളിക്കാനറിയാവുന്ന താരമാണ് ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെന്ന് രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമില്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴിലായിരുന്നു പാണ്ഡ്യ കളിച്ചത്. നിലവിലെ ഇന്ത്യ എ ടീമിലവെ താരങ്ങള്‍ക്ക് പാണ്ഡ്യയുടെ ബാറ്റിങ് മാതൃകയാക്കാവുന്നതാണെന്നും ദ്രാവിഡ് വ്യക്തമാക്കി.

'പാണ്ഡ്യയില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ഗുണമെന്തെന്നാല്‍ സ്വതസിദ്ധമായ രീതിയില്‍ ബാറ്റുചെയ്യുന്നതിന് പകരം സാഹചര്യത്തിനനുസരിച്ച് കളിക്കാനറിയാം എന്നതാണ്. അതിന്റെ എല്ലാ ക്രെഡിറ്റും അവന് തന്നെ അവകാശപ്പെട്ടതാണ്.' ന്യൂസിലന്‍ഡ് എ ടീമിനെതിരെ ഇന്ത്യ എ ടീമിന്റെ അനൗദ്യോഗിക ടെസ്റ്റിനായി വിജയവാഡയിലെത്തിയതായിരുന്നു ദ്രാവിഡ്. 

'പാണ്ഡ്യയുടെ കരിയറില്‍ അവന്‍ തന്നെ വളര്‍ത്തിയെടുത്തതാണ്. നാലാം നമ്പറില്‍ ബാറ്റു ചെയ്താല്‍ ഒരു രീതിയിലും ആറാം നമ്പറില്‍ ബാറ്റു ചെയ്താല്‍ മറ്റൊരു രീതിയിലുമാണ് പാണ്ഡ്യ കളിക്കുക. ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ധോനിക്കൊപ്പം പാണ്ഡ്യ ബാറ്റു ചെയ്ത രീതി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. പക്വത വന്ന കളിക്കാരനെപ്പോലെയാണ് അവന്‍ ബാറ്റ് ചെയ്തത്. അതു തന്നെയാണ് നമുക്ക് കാണേണ്ടതും' ദ്രാവിഡ് പറയുന്നു.

'സ്വതസിദ്ധമായ രീതിയില്‍ കളിക്കുക എന്ന ആശയം ഞാന്‍ എന്റെ കരിയറിന്റെ തുടക്കം മുതല്‍ കേട്ടതാണ്. അതെന്നെ ഒരുപാട് നിരാശപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ സ്വതസിദ്ധമായ ഒരു ശൈലിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ സാഹചര്യത്തിന് അനുസരിച്ച് കളിക്കു എന്നത് മാത്രമാണ് കാര്യം' ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. 

ഓസീസിനെതിരായ രണ്ട് ഏകദിനങ്ങളില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായ ഇന്നിങ്‌സ് പുറത്തെടുത്ത താരമാണ് പാണ്ഡ്യ. ആ രണ്ട് ഏകദിനങ്ങളിലും പാണ്ഡ്യ അര്‍ധസെഞ്ചുറിയും നേടി. രണ്ട് വര്‍ഷത്തോളമായി ഇന്ത്യ എ ടീമിന്റെയും അണ്ടര്‍-19 ടീമിന്റെയും പരിശീലകനാണ് ദ്രാവിഡ്.