മുംബൈ: ഇന്ത്യയുടെ സ്പിന്‍ ബൗളറായിരുന്ന അനില്‍ കുംബ്ലെയെ ഒറ്റ വാക്കില്‍ എങ്ങനെ വിശേഷിപ്പിക്കും? ഗ്രൗണ്ടില്‍ ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാത്ത വ്യക്തി, ഇതാണ് രാഹുല്‍ ദ്രാവിഡിന്റെ ഉത്തരം. ക്രിക്കറ്റ് ഡയറീസ് എന്ന ചാറ്റ് ഷോക്കിടെയായിരുന്നു അവതാകരന്‍ ദ്രാവിഡിനോട് ഈ ചോദ്യം ചോദിച്ചത്.
താന്‍ വിക്കറ്റ് കീപ്പറായിരുന്ന സമയത്ത് അനില്‍ കുംബ്ലെ ഒരുപാട് തവണ തന്നോട് ദേഷ്യപ്പെട്ടിട്ടുണ്ടെന്ന് ദ്രാവിഡ് പറയുന്നു. കുംബ്ലെ ബൗൾ ചെയ്യുമ്പോഴായിരിക്കും ഇത്. ലെഗ് സൈഡില്‍ വരുന്ന പന്തുകളൊന്നും പിടിക്കാന്‍ പറ്റാറില്ല. ഈ പിഴവിന്റെ പേരില്‍ അനില്‍ കുംബ്ലെ പലപ്പോഴും ദേഷ്യപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ഞാന്‍ പറയും, 'നിന്റെ പന്ത് മനസ്സിലാക്കുന്നതില്‍ ബാറ്റ്സ്മാന് തന്നെ തെറ്റിപ്പോകുന്നു. പിന്നെ വിക്കറ്റ് കീപ്പറായ ഞാന്‍ എങ്ങനെ മനസ്സിലാക്കാനാണ്.' ദ്രാവിഡ് അഭിമുഖത്തില്‍ പറയുന്നു.
പാകിസ്താനെതിരായ മത്സരത്തില്‍ ഇന്‍സമാം ഉൾ ഹഖിനോട് വരെ കുംബ്ലെ ദേഷ്യപ്പെട്ടിട്ടുണ്ട്. വാക്കു തര്‍ക്കമുണ്ടായിട്ടുണ്ട്. പൊതുവേ ഗ്രൗണ്ടില്‍ ശാന്തസ്വഭാവമാണ് ഇന്‍സമാമിന്റേത്. അങ്ങനെ ഒരാളോട് കുംബ്ലെ വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടത്. ആ സമയത്ത് ഇന്‍സമാം എന്നോട് വന്ന് ചോദിക്കും. 'ദ്രാവിഡ്, ഞാന്‍ എന്തു ചെയ്തിട്ടാണ് കുംബ്ലെ എന്നോട് ദേഷ്യപ്പെടുന്നത്, എന്നോട് എന്തിനാണ് ഇങ്ങനെ'. ഷാഹിദ് അഫ്രീദിയുമായും കുംബ്ലെ കൊമ്പുകോര്‍ത്തിരുന്നു. പക്ഷേ അത് നമുക്ക് സമ്മതിക്കാവുന്ന കാര്യമാണ്. കാരണം അഫ്രീദിയും ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാത്ത വ്യക്തിയാണ്. പക്ഷേ ഇന്‍സമാം അങ്ങനെയല്ല. ദ്രാവിഡ് പറയുന്നു.
Content Highlights: Rahul Dravid on Anil Kumble Inzamam ul Haq