ന്യൂഡല്‍ഹി: ഈ മാസം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പോടെ രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം ഒഴിയുകയാണ്. പുതിയ പരിശീലകനെ കണ്ടെത്താനുള്ള നടപടികള്‍ ഇതിനകം തന്നെ ബിസിസിഐ ആരംഭിച്ച് കഴിഞ്ഞു.

ട്വന്റി 20 ലോകകപ്പിനു ശേഷം ഇന്ത്യയ്ക്ക് ന്യൂസീലന്‍ഡിനെതിരേ പരമ്പരയുണ്ട്. ഈ പരമ്പരയില്‍ ഇന്ത്യയുടെ താത്കാലിക പരിശീലകനാകണമെന്നാവശ്യപ്പെട്ട് മുന്‍ താരവും നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡിനെ സമീപിക്കാനൊരുങ്ങുകയാണ് ബിസിസിഐ.

പുതിയ പരിശീലകനെ നിയമിക്കാന്‍ കാലതാമസമെടുക്കുന്ന സാഹചര്യത്തിലാണ് ദ്രാവിഡിനോട് താത്കാലികമായി ചുമതലയേല്‍ക്കാന്‍ ബിസിസിഐ ആവശ്യപ്പെടാനൊരുങ്ങുന്നത്. 

നിലവില്‍ ഏതാനും ഓസ്‌ട്രേലിയന്‍ പരിശീലകര്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തിനായി ബോര്‍ഡിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കാരനെ തന്നെ പരിശീലകനായി വേണമെന്ന നിലപാടിലാണ് ബോര്‍ഡ്. 

നേരത്തെ ടീമിന്റെ മുഖ്യ പരിശീലകനാകാനുള്ള ബിസിസിഐയുടെ ഓഫര്‍ ഇത്തവണയും രാഹുല്‍ ദ്രാവിഡ് നിരസിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 48-കാരനായ ദ്രാവിഡ് നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി യുടെ തലവനാണ്. ഇതോടൊപ്പം ഇന്ത്യന്‍ അണ്ടര്‍-19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനാണ്. 

നേരത്തെ 2016, 2017 വര്‍ഷങ്ങളിലും ബിസിസിഐ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് ആ ഓഫര്‍ നിരസിച്ച ദ്രാവിഡ് ജൂനിയര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തവണയും ദ്രാവിഡ് ഈ തീരുമാനത്തില്‍ നിലകൊണ്ടുവെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Rahul Dravid likely to be approached by bcci interim coach for New Zealand series