Photo: twitter.com
ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ താങ്ങിനിര്‍ത്തിയത് ഋഷഭ് പന്തിന്റെയും രവീന്ദ്ര ജഡേജയുടെയും ഇന്നിങ്‌സുകളായിരുന്നു.
സെഞ്ചുറി നേടിയ പന്ത് ഒരിക്കല്‍ കൂടി വിദേശ മണ്ണില്‍ ഇന്ത്യയുടെ രക്ഷകനായി. 89 പന്തില്‍ പന്ത് സെഞ്ചുറിയിലെത്തിയതിനു പിന്നാലെ ഇന്ത്യന്‍ ഡ്രസ്സിങ് റൂം താരത്തിന്റെ നേട്ടം മതിമറന്ന് ആഘോഷിച്ചു. ഇതിനിടയില്‍ ശ്രദ്ധേയമായത് കോച്ച് രാഹുല്‍ ദ്രാവിഡിന്റെ പ്രതികരണമായിരുന്നു.
കളത്തിലും പുറത്തും അങ്ങനെ വികാരങ്ങളൊന്നും പ്രകടിപ്പിക്കാത്ത ദ്രാവിഡ് തന്റെ ഇരിപ്പിടത്തില്‍ നിന്ന് ചാടിയെണീറ്റ് വായുവില്‍ മുഷ്ടി ചുരുട്ടിയടിച്ചാണ് പന്തിന്റെ സെഞ്ചുറി നേട്ടം ആഘോഷിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഇതോടൊപ്പം ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡും പന്ത് സ്വന്തമാക്കി. 2005-06 പരമ്പരയില്‍ പാകിസ്താനെതിരേ 93 പന്തില്‍ നിന്ന് സെഞ്ചുറിയിലെത്തിയ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ റെക്കോഡാണ് പന്ത് മറികടന്നത്. ബര്‍മിങ്ങാമില്‍ 89 പന്തില്‍ നിന്നായിരുന്നു താരത്തിന്റെ സെഞ്ചുറി നേട്ടം. കരിയറിലെ അഞ്ചാം സെഞ്ചുറിയാണ് ബര്‍മിങ്ങാമില്‍ കുറിച്ചത്.
ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 98 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ 300 കടത്തിയത് ഋഷഭ് പന്ത് - രവീന്ദ്ര ജഡേജ സഖ്യമാണ്. ആറാം വിക്കറ്റില്‍ 222 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 111 പന്തില്‍ നാല് സിക്‌സും 20 ഫോറുമടക്കം 146 റണ്‍സെടുത്ത പന്തിനെ ഒടുവില്‍ ജോ റൂട്ടാണ് പുറത്താക്കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..