Photo: ANI
ന്യൂഡല്‍ഹി: ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ ഇനി രോഹിത് ശര്‍മയും വിരാട് കോലിയും ഉണ്ടായേക്കില്ലെന്ന സൂചനകളുമായി പരിശീലകന് രാഹുല്‍ ദ്രാവിഡ്. പുണെയില്‍ ശ്രീലങ്കയ്ക്കെതിരേ നടന്ന രണ്ടാം ട്വന്റി 20-ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ദ്രാവിഡ് ഇക്കാര്യത്തില്‍ അത്ര വ്യക്തമല്ലാത്ത സൂചനകള്‍ നല്‍കിയത്.
ട്വന്റി 20-യില്‍ ടീം അടുത്ത ഘട്ടത്തിലേക്കുള്ള ശ്രമത്തിലാണെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
''ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞ സെമിഫൈനല്‍ (2022 ട്വന്റി 20 ലോകകപ്പ്) കളിച്ച ടീമിലെ മൂന്നോ നാലോ പേരാണ് ഇപ്പോഴത്തെ ഇലവനിലുള്ളത്. ട്വന്റി 20-യില്‍ നമ്മള് അടുത്തൊരു ഘട്ടത്തിലേക്ക് കടക്കാനാണ് നോക്കുന്നത്. താരതമ്യേന യുവതാരങ്ങള്‍ മാത്രമുള്ള നമ്മുടെ ടീം ശ്രീലങ്ക പോലൊരു മികച്ച ടീമിന്റെ നിലവാരത്തിനൊത്ത് കളിക്കുന്നത് കാണുന്നത് മികച്ച അനുഭവമാണ്. ഏകദിന ലോകകപ്പ്, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്നിവയിലാണ് ഇപ്പോള്‍ പ്രധാനമായും നമ്മുടെ ശ്രദ്ധ. അതിനാല്‍ തന്നെ ഈ യുവതാരങ്ങളെ ട്വന്റി 20-യില്‍ പരീക്ഷിക്കാന്‍ അവസരമൊരുങ്ങുന്നു.'' - ദ്രാവിഡ് വ്യക്തമാക്കി.
നേരത്തെ 2022 ട്വന്റി 20 ലോകകപ്പില്‍ ടീം ഇംഗ്ലണ്ടിനോട് തോറ്റ് സെമിയില്‍ പുറത്തായതിനു പിന്നാലെ തന്നെ സീനിയര്‍ താരങ്ങളുടെ ടീമിലെ ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചിരുന്നു. പിന്നീട് ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ രോഹിത്തിനെയും കോലിയേയും പരിഗണിക്കാതിരുന്നതോടെ ഇരുവരുടെയും ട്വന്റി 20 കരിയര്‍ അവസാനിച്ചുവെന്ന വിലയിരുത്തലുകളുണ്ടായി. ഇരുവര്‍ക്കും വിശ്രമം അനുവദിക്കുകയാണെന്നായിരുന്നു ബിസിസിഐ അറിയിച്ചിരുന്നത്.
Content Highlights: Rahul Dravid hints at end of the road for Virat Kohli and Rohit Sharma in T20
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..