ബെംഗളൂരു: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ) തലപ്പത്തേക്ക് വീണ്ടും അപേക്ഷ സമര്‍പ്പിച്ചു. 

നിലവില്‍ എന്‍.സി.എ തലവനായിരുന്ന ദ്രാവിഡിന്റെ രണ്ടു വര്‍ഷ കാലാവധി അടുത്തിടെ അവസാനിച്ചതോടെയാണ് ബി.സി.സി.ഐ വീണ്ടും അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ ദ്രാവിഡ് മാത്രമാണ് ഇതുവരെ ഈ സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. 

ഇതോടെ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡ് എത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. ഈ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പോടെ സ്ഥാനമൊഴിയുന്ന പരിശീലകന്‍ രവി ശാസ്ത്രിക്ക് പകരക്കാരനായി ദ്രാവിഡ് എത്തുമെന്ന് പരക്കെ അഭ്യൂഹങ്ങളുണ്ടായിരുന്നു. 

അടുത്തിടെ ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ബിസിസിഐ നിയമിച്ചതും ദ്രാവിഡിനെയായിരുന്നു. ഇതോടെയാണ് ശാസ്ത്രി സ്ഥാനമൊഴിഞ്ഞാല്‍ ദ്രാവിഡ് ആ സ്ഥാനത്തെത്തുമെന്ന് ആരാധകര്‍ കണക്ക് കൂട്ടിയത്.

എന്‍.സി.എ തലവനായി ദ്രാവിഡ് അപേക്ഷ സമര്‍പ്പിച്ചതോടെ അദ്ദേഹത്തെ മറികടന്ന് ഇനി ആരും തന്നെ ആ സ്ഥാനത്തെത്താന്‍ സാധ്യത കുറവാണ്. ബിസിസിഐ വൃത്തങ്ങള്‍ക്കും ദ്രാവിഡിനെ തന്നെയാണ് താത്പര്യം. 

യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ ദ്രാവിഡ് വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. പരിക്കേല്‍ക്കുകയും ഫോം ഔട്ടാകുകയും ചെയ്യുന്ന താരങ്ങള്‍ക്ക് ടീമിലേക്ക് തിരിച്ചെത്താനുള്ള വഴിയാണ് എന്‍സിഎ.

Content Highlights: Rahul Dravid has reapplied for the position of NCA Head