ന്യൂഡല്‍ഹി: ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റതോടെ പരിശീലകന്‍ രവി ശാസ്ത്രി രൂക്ഷ വിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്. ഇന്ത്യയുടെ ടീം സെലക്ഷനില്‍ വന്ന പാളിച്ചയും സ്പിന്നറെന്ന നിലയില്‍ അശ്വിന്റെ മോശം പ്രകടനവും പരാജയത്തിലേക്ക് നയിച്ചെന്ന് മുന്‍താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ സപ്പോര്‍ട്ടിങ് സ്റ്റാഫിനെ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീനും രംഗത്തെത്തിയിരുന്നു. അവര്‍ക്ക് എന്താണ് ജോലിയെന്നായിരുന്നു അസ്ഹറിന്റെ ചോദ്യം.
എന്നാല്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സൗരവ് ഗാംഗുലി. ബി.സി.സി.ഐയുടെ ക്രിക്കറ്റ് ഉപദേശക സമിതി രാഹുല്‍ ദ്രാവിഡിന് ഇന്ത്യയുടെ ബാറ്റിങ് കണ്‍സള്‍ട്ടന്റ് ആയി നിയമിച്ചിരുന്നുവെന്നും എന്നാല്‍ രവി ശാസ്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം ദ്രാവിഡ് സ്ഥാനം ഒഴിയുകയായിരുന്നുവെന്നും ഗാംഗുലി വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടെയാണ് ഗാംഗുലി ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം അനില്‍ കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് രവി ശാസ്ത്രി ആ റോളിലെത്തിയത്. ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു ഇത്. ആ സമയത്ത് സച്ചിനും ഗാംഗുലിയും ലക്ഷ്മണുമടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി വിദേശ പര്യടനങ്ങളില്‍ ദ്രാവിഡിനെ ബാറ്റിങ് കണ്‍സട്ടന്റായി നിയമിച്ചതുമാണ്. സഹീര്‍ ഖാനെ ബൗളിങ് കോച്ചായും നിയമിച്ചു. എന്നാല്‍ പിന്നീട് സഞ്ജയ് ബംഗാറും ഭരത് അരുണും ആ റോളിലെത്തുകയായിരുന്നു.
അന്ന് രവി ശാസ്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം താന്‍ ബാറ്റിങ് കണ്‍സള്‍ട്ടന്റാകാന്‍ ഇല്ലെന്ന് ദ്രാവിഡ് അറിയിക്കുകയായിരുന്നു. അന്ന് ആ കൂടിക്കാഴ്ച്ചയില്‍ എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും ഗാംഗുലി അഭിമുഖത്തില്‍ വ്യക്തമാക്കി.
എന്നാല്‍ ക്രിക്കറ്റ് ഉപദേശക സമിതിക്ക് ഇന്ത്യയുടെ പരിശീലകനെ നിയമിക്കാനുള്ള അധികാരം മാത്രമേയുള്ളുവെന്നും മറ്റു നിയമനങ്ങളെ കുറിച്ച് അറിയില്ലെന്നും ബി.സി.സി.ഐ ഇടക്കാല സമിതി അധ്യക്ഷന്‍ വിനോദ് റായ് വ്യക്തമാക്കി.
Content Highlights: Dravid dropped India batting consultant job after meeting Ravi Shastri, reveals Sourav Ganguly