കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ യുവനിര മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പുറത്താകാതെ 86 റണ്‍സ് നേടിയ ശിഖര്‍ ധവാന്റേയും 32 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ ഇഷാന്‍ കിഷന്റേയും മികവില്‍ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കി. എന്നാല്‍ കളിയിലെ താരമായത് പൃഥ്വി ഷാ ആയിരുന്നു. 24 പന്തില്‍ 43 റണ്‍സ് നേടിയ പൃഥ്വി ഷായുടെ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. 

ഒമ്പത് ബൗണ്ടറികളുടെ സഹായത്തോടെ ആയിരുന്നു പൃഥ്വി ഷായുടെ ഇന്നിങ്‌സ്. ലങ്കന്‍ ബൗളര്‍മാരെ ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും പൃഥ്വി ഷാ അടിച്ചു പറപ്പിച്ചു. ന്യൂ-ബോള്‍ ബൗളര്‍മാരായ ഇസ്‌റു ഉദാനയും ദുഷ്മന്ത ചമീരയും പൃഥ്വി ഷായുടെ ബൗളിങ്ങിന്റെ ചൂടറിഞ്ഞു. ഇതോടെ എട്ടു വര്‍ഷത്തിന് ശേഷം ഇന്ത്യ പവര്‍പ്ലേയില്‍ തങ്ങളുടെ മികച്ച സ്‌കോര്‍ കണ്ടെത്തി. ഒരു വിക്കറ്റിന് 91 റണ്‍സാണ് ഇന്ത്യ നേടിയത്. 

മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വീകരിച്ച ശേഷം പൃഥ്വി ഷാ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ കുറിച്ച് സംസാരിച്ചു. ബാറ്റിങ്ങിനായി ക്രീസിലേക്കിറങ്ങുമ്പോള്‍ ദ്രാവിഡ് പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ലെന്നും താന്‍ തന്റെ സ്വാഭാവികമായ കളി പുറത്തെടുക്കുകയായിരുന്നെന്നും പൃഥ്വി ഷാ വ്യക്തമാക്കി.

'ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ ദ്രാവിഡ് ഒന്നും പറഞ്ഞില്ല. ഞാന്‍ എന്റെ സ്വാഭാവികമായ കളി പുറത്തെടുക്കുകയായിരുന്നു. ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് കൂട്ടാനാണ് ഞാന്‍ ശ്രമിച്ചത്. ആദ്യ ഇന്നിങ്‌സില്‍ പിച്ച് മികച്ചതായിരുന്നു. രണ്ടാം ഇന്നിങ്‌സിയാപ്പോഴേക്കും അത് കൂടുതല്‍ മികച്ചതായി. പേസ് ബൗളര്‍മാരെ അഭിമുഖീകരിക്കുന്നത് ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു.'- പൃഥ്വി ഷാ വ്യക്തമാക്കുന്നു. ഓഫ് സ്പിന്നര്‍ ധനഞ്ജയ ഡിസില്‍വയുടെ പന്തിലാണ് പൃഥ്വി ഷാ പുറത്തായത്. ആ മോശം ഷോട്ടില്‍ പുറത്തായതില്‍ നിരാശയുണ്ടെന്നും പൃഥ്വി ഷാ കൂട്ടിച്ചേര്‍ത്തു. 

ഏകദിന ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡ് മത്സരത്തില്‍ ധവാന്‍ സ്വന്തമാക്കി. പുറത്താകാതെ 86 റണ്‍സാണ് ധവാന്‍ അടിച്ചെടുത്തത്. ഏകദിന അരങ്ങേറ്റത്തില്‍ ഏറ്റവും വേഗത്തിലുള്ള രണ്ടാമത്തെ അര്‍ധ സെഞ്ചുറി ഇഷാന്‍ കിഷനും സ്വന്തം പേരില്‍ കുറിച്ചു. 32 പന്തിലാണ് ഇഷാന്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

Content Highlights: Rahul Dravid didn't say anything I played my natural game Prithvi Shaw on quickfire 43 vs Sri Lanka