-
ന്യൂഡൽഹി: കഴിഞ്ഞ 50 വർഷത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് കണ്ട മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ ആരാണ്? രാഹുൽ ദ്രാവിഡ് എന്നാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. വിഡ്സൻ ഇന്ത്യ നടത്തിയ വോട്ടെടുപ്പിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യയുടെ വൻമതിൽ ഈ നേട്ടത്തിലെത്തിയത്.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു സച്ചിൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ടെസ്റ്റിൽ അടിച്ചുകൂട്ടിയ റൺസും ബാറ്റിങ് റെക്കോഡുകളും സ്വന്തമായുള്ള സച്ചിനെതിരേ ദ്രാവിഡിനെ തുണച്ചത് മാച്ച് വിന്നിങ് ഇന്നിങ്സുകളാണ്. ആരാധകർ എന്നും ഓർമിക്കുന്ന ഈ ഇന്നിങ്സുകളാണ് ദ്രാവിഡിനെ ഒന്നാമതെത്തിച്ചത്.
ദ്രാവിഡിന് 52% വോട്ടുകൾ ലഭിച്ചപ്പോൾ സച്ചിന് 48% പിന്തുണ കിട്ടി. 11,400 ആരാധകരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. മുൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കറാണ് മൂന്നാം സ്ഥാനത്തെത്തിയത്. നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു ഗാവസ്കറുടെ നേട്ടം.
ആദ്യ നാലിലെത്തിയ നാലു ബാറ്റ്സ്മാൻമാർക്കും ടെസ്റ്റ് ക്രിക്കറ്റിൽ 50ന് മുകളിൽ ബാറ്റിങ് ശരാശരിയുണ്ട്. കളിച്ച മത്സരങ്ങൾ, റൺസ്, ബാറ്റിങ് ശരാശരി എന്നിവയിലെല്ലാം മുന്നിൽ നിൽക്കുന്നത് സച്ചിനാണ്. സച്ചിൻ 200 ടെസ്റ്റിൽ നിന്ന് 53.78 ശരാശരിയിൽ 15921 റൺസെടുത്തിട്ടുണ്ട്.
164 മത്സരങ്ങളിൽ 52.31 ശരാശരിയിൽ 13,288 റൺസാണ് ടെസ്റ്റിൽ ദ്രാവിഡിന്റെ സമ്പാദ്യം. ഗാവസ്കർ 125 ടെസ്റ്റിൽ നിന്ന് 51.12 ശരാശരിയിൽ 10,122ഉം കോലി 86 ടെസ്റ്റിൽ നിന്ന് 53.62 ശരാശരിയിൽ 7240 റൺസും നേടിയിട്ടുണ്ട്.
content highlights: Rahul Dravid beats Sachin Tendulkar in Wisden poll on greatest Indian Test batsman
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..