ജൊഹാനസ്ബര്‍ഗ്: കളിക്കിടെ ഒരു ഷോട്ട് തിരഞ്ഞെടുക്കേണ്ട സമയത്തേക്കുറിച്ചും മറ്റും ഇന്ത്യന്‍ താരം ഋഷഭ് പന്തുമായി സംസാരിക്കേണ്ടതുണ്ടെന്ന് സമ്മതിച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ മോശം ഷോട്ട് കളിച്ച് നിരുത്തരവാദപരമായി പുറത്തായ പന്തിനെതിരേ കടുത്ത വിമര്‍ശനമുയര്‍ന്നതിനു പിന്നാലെയാണ് ദ്രാവിഡിന്റെ വാക്കുകള്‍. ഇന്നിങ്‌സില്‍ തന്റെ മൂന്നാം പന്തില്‍ കഗിസോ റബാദയ്‌ക്കെതിരേ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച പന്ത് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് സമ്മാനിച്ച് പുറത്താകുയായിരുന്നു. 

പന്ത് പോസിറ്റീവ് ക്രിക്കറ്റ് കളിക്കണമെന്നു തന്നെയാണ് താന്‍ എപ്പോഴും ആഗ്രഹിക്കുന്നതെന്നു പറഞ്ഞ ദ്രാവിഡ്, എന്നാല്‍ ചിലസമയങ്ങളില്‍ ഷോട്ട് സെലക്ഷന്‍ വ്യത്യസ്തമായിരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. 

'ഋഷഭ് പന്ത് ഒരു പ്രത്യേക രീതിയില്‍ പോസിറ്റീവായി കളിക്കുകയും അതില്‍ വിജയം കണ്ടെത്തുകയും ചെയ്യുന്നയാളാണെന്ന് നമുക്കറിയാം. എന്നാല്‍ അതില്‍ സംസാരിക്കേണ്ട സന്ദര്‍ഭങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും. ഷോട്ട് കളിക്കാന്‍ തിരഞ്ഞെടുക്കുന്ന സമയത്തിലും മറ്റുമാണ് കാര്യം', മത്സര ശേഷം നടന്ന വെര്‍ച്വര്‍ പത്രസമ്മേളനത്തില്‍ ദ്രാവിഡ് പറഞ്ഞു. 

'ഋഷഭിനോട് ഒരു പോസിറ്റീവ് കളിക്കാരനാകരുതെന്നോ, അല്ലെങ്കില്‍ ഒരു ആക്രമണാത്മക കളിക്കാരനാകരുതെന്നോ ആരും ഒരിക്കലും പറയില്ല. എന്നാല്‍ അതിനായി തിരഞ്ഞെടുക്കുന്ന സമയം എപ്പോഴാണ് എന്നതാണ് പ്രശ്‌നം'', ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

Content Highlights: rahul dravid admitted to have conversations with rishabh pant shot selection