മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്റിനെതിരായ തോല്‍വി ഇന്ത്യക്ക് വലിയ ക്ഷീണമാണുണ്ടാക്കിയത്. അതിനുശേഷം രണ്ട് സീനിയര്‍ താരങ്ങള്‍ കോലിയുടെ ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട് തങ്ങളുടെ അഭിപ്രായം ബി.സി.സി.ഐയെ അറിയിച്ചതായി റിപ്പോര്‍ട്ട്. അജിങ്ക്യ രഹാനേയും ചേതേശ്വര്‍ പൂജാരയുമാണ് ആ സീനിയര്‍ താരങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിസിസിഐ സെക്രട്ടറി ജയ് ഷായെ ആണ് ഇരുവരും വിളിച്ചത്. 

ഫൈനലില്‍ രഹാനേയും പൂജാരയും മോശം പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഇന്നിങ്‌സില്‍ 54 പന്തില്‍ എട്ടു റണ്‍സെടുത്ത പൂജാര രണ്ടാം ഇന്നിങ്‌സില്‍ 80 പന്തില്‍ നിന്ന് നേടിയത് 15 റണ്‍സാണ്. രഹാനെ ആദ്യ ഇന്നിങ്‌സില്‍ 49 റണ്‍സ് അടിച്ചപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ നിറംമങ്ങി. 40 പന്തില്‍ നേടിയത് 15 റണ്‍സ്.

രഹാനേയും പൂജാരയേയും കൂടാതെ മറ്റു താരങ്ങളോടും കോലിയുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് ബിസിസിഐ അഭിപ്രായം ചോദിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കോലിയുടെ ക്യാപ്റ്റന്‍സിയില്‍ അശ്വിനും അതൃപ്തി രേഖപ്പെടുത്തിയതായാണ് സൂചന. ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളില്‍ ഒന്നില്‍പോലും ഓഫ് സ്പിന്നറായ അശ്വിനെ കോലി കളിപ്പിച്ചിരുന്നില്ല. നാല് പേസ് ബൗളര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ രവീന്ദ്ര ജഡേജ മാത്രമായിരുന്നു സ്പിന്നര്‍. 

ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് കോലി പടിയിറങ്ങുന്നത് ഇതിന്റെ ബാക്കിപത്രമാണെന്നും സൂചനയുണ്ട്. ട്വന്റി-20 ലോകകപ്പിന് ശേഷമാണ് കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുക. അടുത്ത സീസണ്‍ മുതല്‍ ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ക്യാപ്റ്റനായും കോലി ഉണ്ടാകില്ല. 

Content Highlights: Rahane, Pujara called BCCI Secretary Jay Shah to discuss Kohli’s captaincy after WTC Final