മുംബൈ: സ്പിന്നര്‍ ആര്‍. അശ്വിന്‍ തന്റെ ടെസ്റ്റ് വിക്കറ്റ് റെക്കോഡ് മറികടക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. അശ്വിന്‍ ഇപ്പോഴത്തെ ഫോം തുടര്‍ന്നാല്‍ ടെസ്റ്റില്‍ 500 വിക്കറ്റ് നേട്ടം അശ്വിന് അസാധ്യമല്ലെന്നും ഭാജി കൂട്ടിച്ചേര്‍ത്തു. 

അശ്വിന്‍ ഇന്ത്യന്‍ പിച്ചുകളില്‍ മാത്രം തിളങ്ങുന്നയാളാണെന്ന് ആളുകള്‍ പറയാറുണ്ട്. എന്നാല്‍ ഇവിടെ മറ്റു സ്പിന്നര്‍മാരും ഇതേ പിച്ചില്‍ പന്തെറിയുന്നുണ്ട്. പക്ഷേ അവര്‍ക്കൊന്നും ഇത്ര മികവ് കാണിക്കാന്‍ സാധിക്കുന്നില്ലെന്നുള്ള കാര്യം നാം മനസിലാക്കേണ്ടതുണ്ട്. അശ്വിന്‍ അവരേക്കാളെല്ലാം മികച്ച ബൗളറാണ്'', ഭാജി വ്യക്തമാക്കി.

ഇന്ത്യയ്ക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയവരില്‍ മൂന്നാമനാണ് ഹര്‍ഭജന്‍. അനില്‍ കുംബ്ലെ (619), കപില്‍ ദേവ് (434) എന്നിവരാണ് ഭാജിക്ക് (417) മുന്നിലുള്ളത്.

ഒരു ഇടവേളക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ അശ്വിന്‍ ടെസ്റ്റില്‍ വേഗത്തില്‍ 350 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരന്റെ റെക്കോഡിനൊപ്പമെത്തിയിരുന്നു. ഇന്ത്യക്കായി വേഗത്തില്‍ 350 വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡും അശ്വിന്‍ സ്വന്തമാക്കി. കരിയറിലെ 66-ാം ടെസ്റ്റിലാണ് അശ്വിന്‍ 350 വിക്കറ്റ് തികച്ചത്. ഇതുവരെ അനില്‍ കുംബ്ലെയുടെ പേരിലായിരുന്നു റെക്കോഡ്. 77 ടെസ്റ്റില്‍ നിന്നാണ് കുംബ്ലെ 350 വിക്കറ്റ് തികച്ചത്.

''അശ്വിന് 600 വിക്കറ്റെടുക്കാന്‍ സാധിക്കുമോ എന്ന കാര്യം എനിക്കുറപ്പില്ല. എന്നാല്‍ 417 എന്ന സംഖ്യ വളരെ അടുത്താണ്. ഇപ്പോഴത്തെ ഫോം തുടര്‍ന്നാല്‍ തീര്‍ച്ചയായും അദ്ദേഹത്തിന്‍ 400 എന്ന കടമ്പ കടക്കാന്‍ സാധിക്കും, വേണ്ടിവന്നാല്‍ 500 ഉം. എന്നാല്‍ 600 വിക്കറ്റുകള്‍ വളരെ അകലെയാണ്. ആ നേട്ടം സ്വന്തമാക്കണമെങ്കില്‍ ഇനിയുള്ള കരിയറിലുടനീളം അശ്വിന്‍ മികച്ച കായികക്ഷമത നിലനിര്‍ത്തണം. കായികക്ഷമത നിലനിര്‍ത്താനായാല്‍ അശ്വിന് ഏത് നേട്ടവും അസാധ്യമല്ല'', ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. 

അശ്വിന്‍ വീഴ്ത്തിയ 350 വിക്കറ്റുകളില്‍ 242 ഉം നാട്ടില്‍ കളിച്ച 39 മത്സരങ്ങളില്‍ നിന്നാണ്. ബാക്കിയുള്ള 108 വിക്കറ്റുകള്‍ വിദേശത്ത് കളിച്ച 27 ടെസ്റ്റുകളില്‍ നിന്നും. 

Content Highlights: R Ashwin will break my record, may go past 600 wickets Harbhajan Singh