ചെന്നൈ: ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും തമ്മിലുള്ള വേര്‍തിരിവ് ഒഴിവാക്കാന്‍ സാങ്കേതിക വിദ്യയുടെ സഹായം തേടണമെന്ന അഭിപ്രായവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍. ബൗളര്‍ പന്തെറിയും മുമ്പേ നോണ്‍ സ്‌ട്രൈക്കര്‍ ക്രീസ് വിട്ടിറങ്ങിയാല്‍ റണ്‍സ് അനുവദിക്കരുതെന്ന് അശ്വിന്‍ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയ അശ്വിന്റെ നടപടി വിവാദം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ലോകകപ്പ് സൂപ്പര്‍ ലീഗില്‍  നോബോള്‍ നിര്‍ണയിക്കാന്‍ സാങ്കേതിയ വിദ്യ ഉപയോഗപ്പെടുത്തുകയാണെന്ന ഐ.സി.സിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് അശ്വിന്‍ മേല്‍പ്പറഞ്ഞ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ബൗളര്‍ പന്ത് റിലീസ് ചെയ്യും മുമ്പ് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ബാറ്റ്‌സ്മാന്‍ ക്രീസിനു പുറത്താണെങ്കില്‍ ആ പന്തില്‍ എത്ര റണ്‍സെടുത്താലും അനുവദിക്കരുതെന്ന് അശ്വിന്‍ ട്വീറ്റ് ചെയ്തു. ബാറ്റ്‌സ്മാന് അനുകൂലമായിട്ടുള്ളതാണ് ക്രിക്കറ്റിലെ നിയമങ്ങളെന്നും അശ്വിന്‍ പറഞ്ഞു.

'ബൗള്‍ ചെയ്യുന്ന സമയത്ത് നോണ്‍ സ്‌ട്രൈക്കര്‍ രണ്ടടി മുന്നോട്ടു കയറി നില്‍ക്കുകയാണെന്ന് കരുതുക. ഇതോടെ രണ്ട് റണ്‍സെടുക്കാനാനുള്ള സാധ്യതയേറും. ഇതോടെ അടുത്ത പന്തിനായി അതേ ബാറ്റ്‌സ്മാന്‍ തന്നെ വീണ്ടും സ്‌ട്രൈക്ക് ചെയ്യും. അതേ ബാറ്റ്‌സ്മാന്‍ സ്‌ട്രൈക്ക് ചെയ്യുന്നത് ഒരു ഫോറോ സിക്‌സോ അടുത്ത പന്തില്‍ നേടാന്‍ കാരണമാകും. ബൗളറെന്ന നിലയില്‍ ഏഴു റണ്‍സാണ് എനിക്കവിടെ നഷ്ടമാകുന്നത്. മറ്റൊരു ബാറ്റ്‌സ്മാനാണെങ്കില്‍ ഒരു റണ്ണോ അതോ ഡോട്ട് ബോളോ വരേണ്ട സ്ഥാനത്താണിത്. ടെസ്റ്റ് മത്സരത്തില്‍ പോലും ഓഫ് സ്‌ട്രൈക്കാകാന്‍ ശ്രമിക്കുന്ന ഒരു ബാറ്റ്‌സ്മാന് അനുകൂലമാണ് ഇത്.' - അശ്വിന്‍ കുറിച്ചു.

Content Highlights: R Ashwin opens on grave disparity between batsmen and bowlers