ന്യൂഡല്‍ഹി: പുതിയ രണ്ടു ടീമുകള്‍ കൂടി വരുന്നതോടെ ഐപിഎല്‍ 15-ാം സീസണിനു മുന്നോടിയായി മെഗാ താരലേലം നടക്കാനിരിക്കുകയാണ്. ഇതിനിടെ തന്റെ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് അടുത്ത സീസണില്‍ തന്നെ നിലനിര്‍ത്താന്‍ സാധ്യതയില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആര്‍. അശ്വിന്‍.

ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ് അയ്യരെയും ഡല്‍ഹി നിലനിര്‍ത്താനിടയില്ലെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.

മെഗാ ലേലത്തിനു മുമ്പ് എട്ടു ഫ്രാഞ്ചൈസികള്‍ക്കും തങ്ങളുടെ പ്രധാനപ്പെട്ട നാലു താരങ്ങളെ മാത്രമാണ് നിലനിര്‍ത്താന്‍ സാധിക്കുക. ഇവര്‍ ആരൊക്കെയെന്ന് നേരത്തെ ബിസിസിഐയെ അറിയിക്കുകയും വേണം. ശേഷിച്ച താരങ്ങള്‍ ലേലത്തിനുള്ള പൂളിലെത്തും.

ഋഷഭ് പന്ത്, പൃഥ്വി ഷാ, ആന്‍റിച്ച് നോര്‍ക്യ എന്നിവരെയാകും ഡല്‍ഹി നിലനിര്‍ത്താന്‍ സാധ്യതയെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി.

Content Highlights: r ashwin hints at delhi capitals retention plans