ചെന്നൈ: മ്യൂണിക് ദുരന്തത്തില്‍നിന്നും മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ടീം തിരിച്ചുകയറിയതുപോലെയാവും രണ്ടുവര്‍ഷത്തെ സസ്പെന്‍ഷനു ശേഷം ഐ.പി.എല്ലിലേക്ക് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ തിരിച്ചുവരവെന്ന ഇന്ത്യന്‍ ഓഫ്സ്പിന്നര്‍ ആര്‍. അശ്വിന്റെ അഭിപ്രായപ്രകടനം വിവാദമായി. സൂപ്പര്‍ കിങ്സിന്റെ ആരാധകരും സാമൂഹികമാധ്യമങ്ങളും ഇതിനെതിരെ രംഗത്തുവന്നതോടെ കാര്യങ്ങള്‍ വിശദമാക്കിക്കൊണ്ട് അശ്വിന് ട്വീറ്റു ചെയ്യേണ്ടിവന്നു.

1958-ലെ മ്യൂണിക് ദുരന്തത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ എട്ടുതാരങ്ങളടക്കം 23 പേരാണ് മരിച്ചത്. ബെല്‍ഗ്രേഡില്‍ യൂറോപ്യന്‍ കപ്പ് കളിച്ചശേഷം മാഞ്ചെസ്റ്റര്‍ താരങ്ങള്‍ കയറിയ ബ്രിട്ടീഷ് യൂറോപ്യന്‍ എയര്‍വേസ് വിമാനം ഇന്ധനം നിറച്ച് പറന്നുയരുമ്പോള്‍ തകര്‍ന്നുവീഴുകയായിരുന്നു. ദുരന്തത്തില്‍ രക്ഷപ്പെട്ട ബോബി ചാള്‍ട്ടനും ബില്‍ ഫൂക്സുമടങ്ങിയ ടീം 10 വര്‍ഷത്തിനുശേഷം യൂറോപ്യന്‍ കപ്പുനേടുന്ന ആദ്യ ഇംഗ്ലീഷ് ടീമായിമാറി. 

ഐ.പി.എല്ലില്‍ രണ്ടുവര്‍ഷത്തെ സസ്പെന്‍ഷന്‍ കഴിഞ്ഞ് അടുത്തസീസണില്‍ സൂപ്പര്‍ കിങ്സ് വീണ്ടുമെത്തുകയാണ്.അശ്വിന്റെ കമന്റ് ടീമിനെ ഇകഴ്ത്തിക്കാട്ടുന്നതാണെന്നാണ് ആരോപണം. ആരാധകര്‍ പ്രകോപിതരായതും അതുകൊണ്ടാണ്.

എന്നാല്‍, തന്റെ അഭിപ്രായം അടര്‍ത്തിയെടുത്ത് തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയാണുണ്ടായതെന്ന് അശ്വിന്‍ വിശദമാക്കി. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പൂര്‍വാധികം ശക്തിയോടെ ടീം തിരിച്ചുവരുമെന്നാണ് ഉദ്ദേശിച്ചതെന്നും അശ്വിന്‍ പറഞ്ഞു. 'എന്നെ വെറുക്കുന്നവരേ.. എന്റെ അഭിപ്രായങ്ങള്‍ വീണ്ടും ദുര്‍വ്യാഖ്യാനിക്കപ്പെടുമ്പോള്‍ കണ്ടുമുട്ടാം' എന്ന പരാമര്‍ശത്തോടെയാണ് അശ്വിന്റെ ട്വീറ്റ് അവസാനിക്കുന്നത്.