നിതിൻ മേനോനുമായി സംസാരിക്കുന്ന അശ്വിൻ I Photo: BCCI
കാണ്‍പുര്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ അമ്പയര്‍ നിതിന്‍ മേനോനുമായി തര്‍ക്കിച്ച് ഇന്ത്യന്‍ ബൗളര്‍ ആര്‍ അശ്വിന്‍. അശ്വിന്റെ ബൗളിങ്ങുമായി ബന്ധപ്പെട്ടായിരുന്നു ഈ വാക്കുതര്‍ക്കം. അശ്വിന്‍ ബൗള്‍ ചെയ്ത ശേഷം മുന്നിലേക്കു വരുന്നതിനാല്‍ (പന്ത് എറിഞ്ഞ ശേഷമുള്ള ഫോളോ ത്രൂ) ബാറ്റ്‌സ്മാന്‍ പന്ത് നേരിടുന്നത് അമ്പയര്‍ക്ക് കാണാനാകുന്നില്ല എന്നതായിരുന്നു പ്രശ്‌നമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇത്തരത്തില്‍ കാഴ്ച്ച മറക്കരുതെന്ന് അമ്പയര്‍ പലവട്ടം അശ്വിനോട് സംസാരിച്ചു. എന്നാല്‍ ഫോളോ ത്രൂവില്‍ മാറ്റം വരുത്താന്‍ അശ്വിന്‍ തയ്യാറായില്ല. തുടര്‍ന്ന് അശ്വിന്‍ അമ്പയറോട് കുപിതനാകാന്‍ തുടങ്ങി. ഇതോടെ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ പ്രശ്‌നത്തില്‍ ഇടപെട്ടു. ഈ സമയത്ത് ഇന്ത്യയുടെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് മാച്ച് റഫറി ജവഗല്‍ ശ്രീനാഥുമായി സംസാരിക്കുന്നതും കാണാമായിരുന്നു.
പിച്ചിലെ ഡെയ്ഞ്ചര്‍ ഏരിയയില്‍ അല്ല അശ്വിന്റെ ഫോളോ ത്രൂ വരുന്നത്. നിയമം അനുസരിച്ചാണ് താന്‍ പന്തെറിയുന്നത് എന്ന നിലപാടായിരുന്നു അശ്വിന്റേത്. വാക്കു തര്‍ക്കത്തിനു ശേഷവും അശ്വിന്‍ പഴയ രീതിയില്‍ തന്നെയാണ് ബൗളിങ് തുടര്‍ന്നത്. അതേസമയം അമ്പയറിന്റെ കാഴ്ച്ച തടസ്സപ്പെടുത്തുന്നതല്ല പ്രശ്‌നമെന്നും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുള്ള ബാറ്റര്‍ക്ക് തടസ്സം സൃഷ്ടിച്ചതിനാലാണ് അമ്പയര്‍ ഇടപെട്ടതെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Content Highlights: R Ashwin argues with umpire Nitin Menon after running across him during followthrough
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..