ഡര്‍ബന്‍: പെട്ടെന്നുള്ള തീരുമാനം ഒഴിവാക്കി ഒന്നാലോചിച്ച് ഒരു നിമിഷം ക്രീസില്‍ നിന്നിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിന് ആ ഔട്ട് ഒഴിവാക്കാമായിരുന്നു. ആ വിലപ്പെട്ട വിക്കറ്റിലൂടെ ചിലപ്പോള്‍ മത്സരഫലം തന്നെ മാറിമറിയുമായിരുന്നു. പക്ഷേ ആ സമയത്ത് ക്രീസ് വിട്ട് ഡികോക്ക് ഡ്രസ്സിങ് റൂമിലേക്ക് നടന്നതോടെ ദക്ഷിണാഫ്രിക്കയ്ക്ക് വിലപ്പെട്ട ഒരു വിക്കറ്റ് നഷ്ടപ്പെട്ടു. അതും മത്സരത്തിന്റെ നിര്‍ണായക സമയത്ത്. 

ഹാഷിം അംല പുറത്തായ ശേഷം ഡി കോക്കും ഫാഫ് ഡുപ്ലെസിസും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. എന്നാല്‍ 15-ാം ഓവറില്‍ എല്ലാം മാറിമറിഞ്ഞു. യുസ്‌വേന്ദ്ര ചാഹലെറിഞ്ഞ ആ ഓവറിലെ അവസാന പന്തില്‍ ഡികോക്ക് പുറത്തായി. പക്ഷേ അത് യഥാര്‍ത്ഥത്തില്‍ ഔട്ടായിരുന്നില്ല. ഡികോക്കിന്റെ പാഡില്‍ പന്ത് തട്ടിയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തു. 

എന്നാല്‍ അമ്പയര്‍ ആല്‍ബെയ്റ്റ് ഔട്ട് നല്‍കിയില്ല. ആ പന്ത് ലെഗ് സ്റ്റമ്പിനെ മിസ്സ് ചെയ്തു എന്നതായിരുന്നു കാരണം. പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ ഡികോക്ക് സ്വയം ക്രീസ് വിടുകയായിരുന്നു. മറുവശത്തുണ്ടായിരുന്ന ഡുപ്ലെസിസിനോട് പോലും ഒരു വാക്കു പറഞ്ഞില്ല. ഇതോടെ അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. 48 പന്തില്‍ 34 റണ്‍സായിരുന്നു അപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണറുടെ സമ്പാദ്യം. ഡികോക്ക് ഔട്ടായ രീതി സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്. ദക്ഷിണാഫ്രിക്കന്‍ ഓപ്പണറുടെ മണ്ടന്‍ തീരുമാനമായാണ് ഇതിനെ ആരാധകര്‍ വിലയിരുത്തുന്നത്. 

Content Highlights: Quinton de Kock stupidity costs South Africa a valuable wicket