സെഞ്ചൂറിയന്‍: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ടെസ്റ്റില്‍ നിന്ന് വിരമിച്ച് ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഡി കോക്ക് ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുശേഷമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. മത്സരത്തില്‍ ഇന്ത്യ 113 റണ്‍സിന് വിജയിച്ചിരുന്നു. 

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനുവേണ്ടിയാണ് 29-കാരനായ ഡി കോക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ഡി കോക്കും ഭാര്യ സാഷയും ആദ്യ കുഞ്ഞിനുവേണ്ടി കാത്തിരിക്കുകയാണ്. കുഞ്ഞിനൊപ്പം സമയം ചിലവഴിക്കാനാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതെന്ന് ഡി കോക്ക് പറഞ്ഞു. 

' ഈ തീരുമാനം ഞാന്‍ പെട്ടെന്ന് എടുത്തതല്ല. വളരെയധികം ആലോചിച്ച ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. എന്റെ കുടുംബത്തിന്റെ ഭാവിയ്ക്ക് വേണ്ടിയാണ് ഞാന്‍ ഈ തീരുമാനമെടുത്തത്. ഞാനും ഭാര്യയും കുഞ്ഞിനായി കാത്തിരിക്കുകയാണ്. എന്റെ കുടുംബത്തിന്റെ സുരക്ഷ്‌ക്കും വളര്‍ച്ചയ്ക്കും ഞാന്‍ പ്രാധാന്യം നല്‍കുന്നു. അവരോടൊപ്പം സമയം ചിലവിടാന്‍ ഞാനേറെ ആഗ്രഹിക്കുന്നു'-ഡി കോക്ക് പറഞ്ഞു.

2014-ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച ഡി കോക്ക് 54 മത്സരങ്ങളില്‍ നിന്ന് 3300 റണ്‍സെടുത്തിട്ടുണ്ട്. 141 ആണ് ഉയര്‍ന്ന സ്‌കോര്‍. 38.82 ശരാശരിയില്‍ ആറ് സെഞ്ചുറികളും 22 അര്‍ധസെഞ്ചുറികളും ഡി കോക്കിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ടെസ്റ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഏകദിന-ട്വന്റി 20 മത്സരങ്ങളില്‍ ഡി കോക്ക് സജീവമായി തുടരും. 

Content Highlights: Quinton de Kock announces shock retirement from Test cricket at 29