ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ ദുരവസ്ഥ കാണിച്ചുതന്ന ടീം അംഗം റയാന്‍ ബേളിന്റെ ട്വീറ്റ് കാണേണ്ടവര്‍ കണ്ടു.

പുതിയ ഷൂ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ഓരോ പരമ്പര കഴിയുമ്പോഴും കേടുവന്ന ഷൂ ഒട്ടിച്ച് വീണ്ടും ഉപയോഗിക്കേണ്ട സിംബാബ്‌വെ താരങ്ങളുടെ അവസ്ഥയാണ് ഒരു ട്വീറ്റില്‍ റയാന്‍ ബേള്‍ പങ്കുവെച്ചിരുന്നത്.

ട്വിറ്ററില്‍ കേടായ ഷൂ പശതേച്ച് വെച്ചിരിക്കുന്ന ചിത്രം പങ്കുവെച്ച് 'ഞങ്ങള്‍ക്ക് ഒരു സ്‌പോണ്‍സറെ കിട്ടാന്‍ വഴിയുണ്ടോ, അങ്ങനെയെങ്കില്‍ ഓരോ പരമ്പര കഴിയുമ്പോഴും ഞങ്ങള്‍ക്ക് ഷൂ ഒട്ടിച്ച് വീണ്ടും ഉപയോഗിക്കേണ്ടി വരില്ലായിരുന്നു' എന്നാണ് ബേള്‍ കുറിച്ചത്. 

ഈ ട്വീറ്റ് വൈറലായതോടെ ഇപ്പോഴിതാ സിംബാബ്‌വെ താരങ്ങളുടെ ക്രിക്കറ്റ് കിറ്റ് സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാണെന്ന് കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ കായിക ഉപകരണ നിര്‍മാണ ബ്രാന്‍ഡായ പ്യൂമ.

Puma comes forward to sponsor Zimbabwe cricket gear after Ryan Burl tweet goes viral

പശ കളയാന്‍ സമയമായെന്ന് റയാന്‍ ബേളിന്റെ ട്വീറ്റ് പങ്കുവെച്ച് പ്യൂമ ട്വിറ്ററില്‍ കുറിച്ചു.

തൊണ്ണൂറുകളിലും 2000-ത്തിന്റെ തുടക്കത്തിലും ക്രിക്കറ്റ് ലോകത്തെ താരതമ്യേന ശക്തരായ നിരയായിരുന്നു സിംബാബ്‌വെയുടേത്. ഹീത്ത് സ്ട്രീക്ക്, അലിസ്റ്റര്‍ കാംമ്പെല്‍, ആന്‍ഡി ഫ്‌ളവര്‍, ഗ്രാന്‍ഡ് ഫ്‌ളവര്‍, തതേന്ദ തയ്ബു, ഹെന്‍ട്രി ഒലോംഗ തുടങ്ങിയവരടങ്ങിയ സിംബാബ്‌വെ നിര ലോകത്തെ ഏത് ടീമിനെയും വിറപ്പിക്കാന്‍ പോന്നവരായിരുന്നു.

പക്ഷേ പല താരങ്ങളുടെയും വിരമിക്കലും ക്രിക്കറ്റ് ബോര്‍ഡിലെ പ്രശ്‌നങ്ങളും സിംബാബ്‌വെ ക്രിക്കറ്റിനെ തകര്‍ക്കുകയായിരുന്നു. 

Content Highlights: Puma comes forward to sponsor Zimbabwe cricket gear after Ryan Burl tweet goes viral