മുംബൈ: ന്യൂസീലൻഡിനേയും ഇംഗ്ലണ്ടിനേയും തകർത്തറിഞ്ഞതിന് പിന്നാലെയാണ് ഓസ്ട്രേലിയക്കെതിരായ നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്ക് ഇന്ത്യ ഒരുങ്ങിയത്. 2017-ലായിരുന്നു ഈ പരമ്പര. എന്നാൽ ഹോം ഗ്രൗണ്ടിലെ വിജയത്തുടർച്ചയുടെ ആത്മവിശ്വാസത്തിൽ കളിച്ച ഇന്ത്യയ്ക്ക് ഓസ്ട്രേലിയക്കെതിരായ കണക്കുകൂട്ടലുകൾ തെറ്റി. പുണെയിൽ നടന്ന ആദ്യ ടെസ്റ്റിൽ സ്റ്റീവ് സ്മിത്തിന്റെ ടീം ഇന്ത്യയെ തകർത്തു. സ്പിൻ ജോഡി ആയ നഥാൻ ലിയോണിന്റേയും സ്റ്റീവ് ഒക്കീഫെയുടേയും മികവിലായിരുന്നു ഇത്.

രണ്ടാം ടെസ്റ്റിലും ലിയോൺ മികച്ച പ്രകടനം ആവർത്തിച്ചു. ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് 200 റൺസ് കടക്കാനായില്ല. ഓസ്ട്രേലിയ 87 റൺസിന്റെ ലീഡ് നേടി. രണ്ടാം ഇന്നിങ്സിലും ഇന്ത്യ തകർന്നു. നാല് വിക്കറ്റിന് 120 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ പിന്നീട് ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനേയും സെഞ്ചുറി കൂട്ടുകെട്ട് പടത്തുയർത്തി. അശ്വിന്റെ സ്പിൻ ബൗളിങ് കൂടി ഓസീസിനെ വട്ടംകറക്കിയതോടെ ഇന്ത്യ തിരിച്ചുവന്നു. ഒടുവിൽ 2-1ന് പരമ്പര സ്വന്തമാക്കി.

അന്നത്തെ ആ തിരിച്ചുവരവിനെ കുറിച്ച് കഴിഞ്ഞ ദിവസം പൂജാരയും അശ്വിനും സംസാരിച്ചു. ഓർമകൾ പങ്കിട്ടു. ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെ ആയിരുന്നു ഇത്.

'ആദ്യ ടെസ്റ്റിൽ തോറ്റതോടെ എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിച്ചു. നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒന്നിൽ തോറ്റശേഷം തിരിച്ചുവരിക എന്നത് പ്രയാസകരമാണ്. ബെംഗളൂരു ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ നമുക്ക് നന്നായി ബാറ്റുചെയ്യാനായില്ല. ഇതോടെ സമ്മർദ്ദം കൂടി. എന്നാൽ ഒന്നാമിന്നിങ്സിനുശേഷം അനിൽ ഭായ് എന്നോട് സംസാരിച്ചു. ലിയോണിന്റെ ബൗളിങ്ങിനെ എങ്ങനെ നേരിടണം എന്നുപറഞ്ഞുതന്നു. എന്നാലും രണ്ടാമിന്നിങ്സിന് ബാറ്റിങ്ങിനിറങ്ങുമ്പോൾ എനിക്ക് സമ്മർദ്ദമുണ്ടായിരുന്നു. അത്തരത്തിലുള്ള സ്ലെഡ്ജിങ്ങായിരുന്നു ഓസീസ് താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. അവർ വിജയത്തിന് അടുത്താണെന്ന് എനിക്കുതോന്നി. അവരാകട്ടെ, മത്സരത്തിൽ വിജയിച്ചപോലെയാണ് കളിക്കളത്തിൽ പെരുമാറിയത്. ചായ സമയത്ത് ഞാനും രഹാനേയും ഡ്രസ്സിങ് റൂമിലേക്ക് വരുമ്പോൾ അവർ മത്സരം വിജയിച്ചതുപോലെ ഞങ്ങളെ തെറിപറഞ്ഞു. പക്ഷേ അവിടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. അവരുടെ അമിത ആത്മവിശ്വാസം വിനയായി.' പൂജാര ഓർത്തെടുക്കുന്നു.

ആ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായിരുന്നു പൂജാര. സ്റ്റീവ് സ്മിത്തായിരുന്നു ഒന്നാമത്. നാല് ടെസ്റ്റിൽ 57.85 ശരാശരിയിൽ പൂജാര 405 റൺസ് നേടി. രവീന്ദ്ര ജഡേജക്ക് പിന്നിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരമായി അശ്വിൻ. 21 വിക്കറ്റാണ് അശ്വിൻ വീഴ്ത്തിയത്.

Content Highlights: Pujara reveals how Aussies lost the plot in 2017 series