ബ്രിസ്‌ബേന്‍: 2010 ന് ശേഷം ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം പന്തുകള്‍ നേരിട്ട ഇന്ത്യന്‍താരം എന്ന റെക്കോഡ് സ്വന്തമാക്കി ചേതേശ്വര്‍ പൂജാര. വിരാട് കോലിയുടെ റെക്കോഡാണ് പൂജാര മറികടന്നത്. 2010-ന് ശേഷം ഏറ്റവുമധികം പന്തുകള്‍ നേരിട്ട വിദേശതാരങ്ങളുടെ പട്ടികയില്‍ പൂജാര രണ്ടാം സ്ഥാനത്തെത്തി.

നിലവില്‍ 2657 പന്തുകളാണ് പൂജാര നേരിട്ടത്. 2014-15, 2018-19, 2020-21 സീസണുകളിലാണ് പൂജാര ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചത്. 31 കാരനായ താരം ഓസ്‌ട്രേലിയയില്‍ 21 ഇന്നിങ്‌സുകളില്‍ നിന്നും 47.28 ശരാശരിയോടെ 993 റണ്‍സ് നേടിയിട്ടുണ്ട്.  അതില്‍ മൂന്നു സെഞ്ചുറികളും അഞ്ച് അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്. 193 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

2725 പന്തുകള്‍ നേരിട്ട അലസ്റ്റര്‍ കുക്കാണ് പൂജാരയ്ക്ക് മുന്നിലുള്ളത്. 2544 പന്തുകള്‍ നേരിട്ട കോലി മൂന്നാം സ്ഥാനത്താണ്. മറ്റൊരു ഇന്ത്യന്‍ താരമായ അജിങ്ക്യ രഹാനെ (1653) നാലാമതും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് (1348) അഞ്ചാമതും നില്‍ക്കുന്നു.

ഇതോടൊപ്പം മറ്റൊരു നേട്ടവും പൂജാര സ്വന്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒരു പരമ്പരയില്‍ ഏറ്റവുമധികം പന്തുകള്‍ നേരിട്ട ഇന്ത്യന്‍ താരം എന്ന റെക്കോഡിനുടമയാണ് താരം. കഴിഞ്ഞ പരമ്പരയില്‍ 1258 പന്തുകളാണ് താരം നേരിട്ടത്. അന്ന് ഇന്ത്യയുടെ വന്മതില്‍ രാഹുല്‍ ദ്രാവിഡിനെ മറികടന്നാണ് പൂജാര നേട്ടം കൈവരിച്ചത്.

Content Highlights: Pujara goes past Kohli on list of visiting batsmen to face most balls in Australia since 2010