കൊല്‍ക്കത്ത: കോവിഡ്-19 ആശങ്കകളെ തുടര്‍ന്ന് ഇന്ത്യന്‍ പര്യടനം റദ്ദാക്കി നാട്ടില്‍ തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങളോട് സ്വയം ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശം.

ബുധനാഴ്ച ദക്ഷിണാഫ്രിക്കയില്‍ തിരികെയെത്തിയ 16 അംഗ ദക്ഷിണാഫ്രിക്കന്‍ സംഘത്തോടാണ് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി 14 ദിവസം സ്വയം ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഷുഐബ് മന്‍ജ്രയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇക്കാലയളവില്‍ ആര്‍ക്കെങ്കിലും കൊറോണ ലക്ഷണങ്ങള്‍ വല്ലതും കാണുകയാണെങ്കില്‍ എത്രയും പെട്ടെന്ന് അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ചയാണ് ടീം കൊല്‍ക്കത്തയില്‍ നിന്ന് ദുബായ് വഴി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചത്. മാര്‍ച്ച് 12-ന് ധര്‍മശാലയില്‍ നടക്കേണ്ട പരമ്പരയിലെ ആദ്യമത്സരം മഴകാരണം ഒരു പന്തുപോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു. പിന്നീടുള്ള രണ്ട് മത്സരങ്ങള്‍, വൈറസ് ഭീഷണി കാരണം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു ആദ്യതീരുമാനം. 

രണ്ടാം മത്സരത്തിന് വേദിയായ ലഖ്‌നൗവില്‍ ടീം എത്തുകയും ചെയ്തു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് പരമ്പര റദ്ദാക്കാന്‍ ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു.

Content Highlights: Proteas ODI squad asked to self-isolate after returning from India