ന്യൂഡല്‍ഹി: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററും പഞ്ചാബ് കിങ്‌സിന്റെ നായകനുമായ കെ.എല്‍.രാഹുലിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ രംഗത്ത്. രാഹുലിന് വിരാട് കോലി, രോഹിത് ശര്‍മ എന്നീ താരങ്ങളേക്കാള്‍ പ്രതിഭയുണ്ടെന്ന് ഗംഭീര്‍ പറഞ്ഞു. 

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത രാഹുല്‍ നിലവില്‍ ടൂര്‍ണമെന്റില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമതാണ്. ' ഈ ഫോം തുടരുകയാണെങ്കില്‍ കോലിയേക്കാളും രോഹിത്തിനേക്കാളും വലിയ ബാറ്ററാകാന്‍ രാഹുലിന് സാധിക്കും. കോലിയേക്കാളും രോഹിത്തിനേക്കാളും പ്രതിഭയുള്ള താരമാണ് രാഹുല്‍. എത്ര മനോഹരമായിട്ടാണ് അദ്ദേഹം ഷോട്ടുകള്‍ കളിക്കുന്നത്. വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായിരിക്കും രാഹുല്‍'- ഗംഭീര്‍ പറഞ്ഞു. 

ഐ.പി.എല്ലില്‍ നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 626 റണ്‍സാണ് രാഹുല്‍ നേടിയിരിക്കുന്നത്. രാഹുലിന്റെ മികച്ച പ്രകടനമുണ്ടായിട്ടും പഞ്ചാബിന് പ്ലേ ഓഫിലേക്ക് കടക്കാനായില്ല. ഈ സീസണിലെ അവസാനമത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 42 പന്തുകളില്‍ നിന്ന് പുറത്താവാതെ 98 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. 

Content Highlights: Probably He Has Got More Ability Than Virat Kohli And Rohit Sharma says Gautam Gambhir On KL Rahul