ഒരു ഷോട്ടിന്റെയോ ഒരു ഇന്നിങ്സിന്റെയോ കരുത്തില്‍ പലരേയും 'സച്ചിന്റെ പിന്‍ഗാമി'യെന്ന് വിശേഷിപ്പിച്ചത് നമ്മള്‍ കണ്ടു. അതില്‍ പലരേയും നാം മറന്നു. ചിലര്‍ സ്വയം മറന്നു. എന്നാല്‍ വ്യാഴാഴ്ച വിന്‍ഡീസിനെതിരായ ടെസ്റ്റിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറാന്‍ ഒരുങ്ങിനില്‍ക്കുന്ന പൃഥ്വി ഷാ, പലതുകൊണ്ടും സച്ചിന്റെ പിന്‍ഗാമിയാകാന്‍ യോഗ്യനാണ്.
18 വയസ്സും 329 ദിവസവും പ്രായമുള്ള ഈ മുംബൈ താരം വ്യാഴാഴ്ച കളത്തിലിറങ്ങിയാല്‍ ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റ് കളിക്കുന്ന 293-ാം താരമാകും. ബാറ്റ്സ്മാന്‍മാരുടെ വന്‍നിരയെ വകഞ്ഞുമാറ്റി ചെറിയ പ്രായത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് ഓടിക്കയറുന്നത് ഒട്ടേറെ റെക്കോഡുകളുടെ അകമ്പടിയോടെയാണ്. മറികടന്നതില്‍ സച്ചിന്റെ റെക്കോഡുകളുമുണ്ട്.
മുംബൈയില്‍നിന്നുതുടങ്ങുന്നു സച്ചിനുമായി പൃഥ്വിയുടെ സാദൃശ്യം. പതിനാലാം വയസ്സില്‍, സ്‌കൂള്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ 546 റണ്‍സ് അടിച്ചുകൊണ്ടാണ് ഈ വലംകൈയന്‍ ഓപ്പണിങ് ബാറ്റ്സ്മാന്‍ ദേശീയ ശ്രദ്ധനേടിയത്. മാത്രമല്ല 2013, 2014 ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ സ്‌കൂളിനെ നയിച്ചതും പൃഥ്വിയായിരുന്നു.
മൂന്നുപതിറ്റാണ്ടുമുമ്പ്, സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ എന്ന കുട്ടി ഇതേ ടൂര്‍ണമെന്റില്‍ 326 റണ്‍സടിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ ഉണര്‍ത്തിയത്. 330 പന്തില്‍ 85 ബൗണ്ടറികളും അഞ്ചു സിക്‌സും അടക്കം 546 റണ്‍സടിച്ച പൃഥ്വിയുടെ മാരത്തണ്‍ ഇന്നിങ്സ് സച്ചിനെയടക്കം ആകര്‍ഷിച്ചു. വൈകാതെ രഞ്ജി ട്രോഫി മുംബൈ ടീമിലും ഇടംനേടി.
പതിനേഴാം വയസ്സില്‍ രഞ്ജി അരങ്ങേറ്റം സെഞ്ചുറിയോടെ. 175 പന്തില്‍ 120 റണ്‍സടിച്ച് രഞ്ജി അരങ്ങേറ്റത്തില്‍ നൂറുതികയ്ക്കുന്ന പ്രായംകുറഞ്ഞ താരമായി. രഞ്ജിയില്‍ തമിഴ്നാടിനെതിരായ സെമിഫൈനലിലായിരുന്നു സെഞ്ചുറി.
ഫസ്റ്റ് ക്ലാസില്‍ ആദ്യത്തെ ഏഴ് മത്സരങ്ങളില്‍ അഞ്ചു സെഞ്ചുറി നേടി വീണ്ടും ഞെട്ടിച്ചു. അതോടെ 18 തികയുംമുമ്പ് ഫസ്റ്റ് ക്ലാസ്സ് സെഞ്ചുറികളുടെ എണ്ണത്തിലും സച്ചിന് (7) തൊട്ടുപിന്നിലെത്തി. ഒട്ടാകെ 14 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളില്‍ 56.72 ശരാശരിയില്‍ ഏഴ് സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയുമുണ്ട് പൃഥ്വിയുടെ അക്കൗണ്ടില്‍.
കഴിഞ്ഞ ഫെബ്രുവരിയില്‍ പൃഥ്വിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീം ലോക കിരീടം നേടിയത്. ഇതിനു പിന്നാലെ 1.2 കോടി രൂപ മുടക്കി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരത്തെ ടീമിലെത്തിച്ചു. ഗംഭീര്‍ നായക സ്ഥാനം ഉപേക്ഷിച്ചപ്പോള്‍ പകരം ഓപ്പണറായെത്തി. കഴിഞ്ഞ മാസം മാത്രം ഇന്ത്യ എയ്ക്കു വേണ്ടി 4 സെഞ്ചുറികളാണ് പൃഥ്വി സ്വന്തം പേരില്‍ കുറിച്ചത്. സച്ചിന്റെ വഴിയേ യാത്ര തുടങ്ങിയിട്ടേയുള്ളൂ, അതിലെ ഒരു പ്രധാന വഴിത്തിരിവാകും വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റ്.
Content Highlights: prithvi shaw to make debut for india
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..