ന്യൂഡല്‍ഹി: ഏറെ നാളത്തെ കാത്തിരിപ്പ് തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ ആഘോഷിച്ചാണ് ഇന്ത്യയുടെ പൃഥ്വി ഷാ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. രാജ്‌കോട്ടില്‍ 99 പന്തുകളില്‍ നിന്ന് നേടിയ സെഞ്ചുറിയോടെ പൃഥ്വി നേരെ ചെന്നുകയറിയത് റെക്കോഡ് ബുക്കിലേക്കായിരുന്നു. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി ഈ പതിനെട്ടുകാരന്‍. ഒടുവില്‍ 154 പന്തില്‍ 19 ബൗണ്ടറികളോടെ 134 റണ്‍സുമായിട്ടാണ് ഷാ മടങ്ങിയത്. 

ഇപ്പോഴിതാ പരമ്പരയിലെ രണ്ടാം ടെസ്റ്റിനായി ഹൈദരാബാദില്‍ പൃഥ്വി ഇറങ്ങുമ്പോള്‍ റെക്കോഡിന്റെ മറ്റൊരു പട്ടിക കൂടി പൃഥ്വിയെ കാത്തിരിപ്പുണ്ട്. ഹൈദരാബാദിലും സെഞ്ചുറി നേടാനായാല്‍ ആദ്യ രണ്ട് ടെസ്റ്റിലും സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഷാ ഇടംപിടിക്കും. 

മുന്‍ ഇന്ത്യന്‍ നായകന്‍മാരായ സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, രോഹിത് ശര്‍മ എന്നിവരാണ് ഈ പട്ടികയിലുള്ളത്. 1996-ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഗാംഗുലിയുടെ രണ്ട് സെഞ്ചുറികള്‍. 1984-ല്‍ ഇംഗ്ലണ്ടിനെതിരേ തന്നെയായിരുന്നു അസ്ഹറദ്ദീന്റെയും സെഞ്ചുറികള്‍. 2013-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ രോഹിത് ശര്‍മയും ഈ നേട്ടം കൈവരിച്ചു. കൊല്‍ക്കത്തയിലും പിന്നാലെ മുംബൈയിലുമായിരുന്നു രോഹിത്തിന്റെ സെഞ്ചുറികള്‍. മുംബൈയിലേത് ഇന്ത്യയുടെ ഇതാഹസ താരം സച്ചിന്റെ വിരമിക്കല്‍ ടെസ്റ്റ് കൂടിയായിരുന്നു. 

രാജ്‌കോട്ടിലെ പ്രകടനം ഹൈദരാബാദിലും പൃഥ്വിക്ക് ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. നേരത്തെ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി എന്നീ ആഭ്യന്തര ടൂര്‍ണമെന്റുകളിലും അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടി അദ്ഭുതപ്പെടുത്തിയതിനു ശേഷമാണ് രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റത്തിലും ഷാ ഈ നേട്ടം കൈരിച്ചത്. 

സച്ചിന്‍ തെണ്ടുല്‍ക്കറിനുശേഷം ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം കൂടിയാണ് പൃഥ്വി ഷാ. 18 വര്‍ഷവും 329 ദിവസവുമാണ് കന്നി ടെസ്റ്റ് സെഞ്ചുറി നേടുമ്പോള്‍ ഷായുടെ പ്രായം. 17 വര്‍ഷവും 112 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ 1990-ല്‍ ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററില്‍ സെഞ്ചുറി നേടിയത്.

Content Highlights: prithvi shaw to joini ganguly rohit azharuddin in elite list