ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലാന്‍ഡിനെതിരേ നിര്‍ണായകമായ രണ്ടാം ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് പരിക്കിന്റെ ആശങ്ക. ഇടതുകാലില്‍ നീര്‍ക്കെട്ട് ബാധിച്ചതിനെ തുടര്‍ന്ന് യുവതാരം പൃഥ്വി ഷാ കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയില്ല. കാലില്‍ വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരം നെറ്റ് സെഷനില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.

ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ടീമിലെത്തിയ താരമാണ് ഷാ. അതേസമയം രണ്ടാം ടെസ്റ്റില്‍ താരത്തിന് കളിക്കാനാകുമോ എന്ന കാര്യത്തില്‍ വെള്ളിയാഴ്ചയേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷായെ രക്ത പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ പഞ്ചാബ് താരം ശുഭ്മാന്‍ ഗില്ലിന് ടെസ്റ്റ് അരങ്ങേറ്റത്തിനുള്ള വഴിയൊരുങ്ങും. നേരത്തെ ഇന്ത്യ എ ടീമിന്റെ ന്യൂസീലാന്‍ഡ് പര്യടനത്തില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് ഗില്‍. ഒരു ഇരട്ടസെഞ്ചുറിയും സെഞ്ചുറിയും ഗില്‍ കുറിച്ചിരുന്നു.

Content Highlights: Prithvi Shaw's foot injury to pave way for Shubman Gill's Test debut