ജയ്പുര്‍: ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്ന് മാറ്റിനിര്‍ത്തിയതിലുള്ള അരിശം ഇരട്ട സെഞ്ചുറിയുമായി തകര്‍ത്തടിച്ചാണ് ഇന്ത്യന്‍ താരം പൃഥ്വി ഷാ തീര്‍ത്തത്. 

വിജയ് ഹസാരെ ട്രോഫിയില്‍ പുതുച്ചേരിക്കെതിരായ മത്സരത്തിലാണ് മുംബൈ ക്യാപ്റ്റന്‍ കൂടിയായ ഷാ ഇരട്ട സെഞ്ചുറിയുമായി തിളങ്ങിയത്. 

142 പന്തില്‍ ഇരട്ട സെഞ്ചുറി തികച്ച ഷാ, 152 പന്തുകള്‍ നേരിട്ട് അഞ്ചു സിക്സും 31 ഫോറുമടക്കം 227 റണ്‍സോടെ പുറത്താകാതെ നിന്നു.

ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ക്യാപ്റ്റന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡും പൃഥ്വി ഷാ സ്വന്തമാക്കി. 219 റണ്‍സെടുത്ത മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന്റെ റെക്കോഡാണ് ഷാ മറികടന്നത്. ക്യാപ്റ്റനായിരിക്കെ 208 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് മൂന്നാമത്. 

ഇതൊടൊപ്പം വിജയ് ഹസാരെ ട്രോഫിയിലെ ഉയര്‍ന്ന സ്‌കോറും ഷായുടെ പേരിലായി. മലയാളി താരം സഞ്ജു സാംസണ്‍ (212), യസശ്വി ജയ്‌സ്വാള്‍ (203) എന്നിവരെയാണ് ഷാ പിന്നിലാക്കിയത്.

Content Highlights: Prithvi Shaw Registers Highest Score Ever By A Captain In List A Cricket