മുംബൈ: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിലക്ക് നേരിട്ട സമയത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷാ.

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ കിരീട വിജയത്തിലേക്കു നയിക്കുകയും സീനിയര്‍ ടീമിലെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടുകയും ചെയ്ത് ശ്രദ്ധ നേടിയതിനു പിന്നാലെയാണ് താരം വിവാദത്തില്‍ ഉള്‍പ്പെടുന്നത്.

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2018-19 സീസണില്‍ എട്ടു മാസത്തേക്കാണ് ഷായ്ക്ക് വിലക്ക് ലഭിച്ചത്. ചുമയ്ക്കുള്ള സിറപ്പുകളില്‍ കാണപ്പെടുന്ന ഒരു നിരോധിത പദാര്‍ഥമാണ് താരത്തിന് വില്ലനായത്.

സിറപ്പുകളില്‍ സാധാരണയായി കാണപ്പെടുന്ന ഒരു നിരോധിത പദാര്‍ത്ഥം അശ്രദ്ധമായി കഴിച്ചിരുന്നുവെന്നും തന്റെ തെറ്റില്‍ നിന്ന് താന്‍ പാഠം പഠിച്ചുവെന്നും ഭാവിയില്‍ ഏതെങ്കിലും മരുന്ന് കഴിക്കുന്നതിനുമുമ്പ് എല്ലായ്‌പ്പോഴും ഡോക്ടര്‍മാരുമായി കൂടിയാലോചിക്കുമെന്നും ഷാ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

അബദ്ധത്തില്‍ കഴിച്ച ഒരു മരുന്നാണ് അന്നു വിനയായതെന്നും വളരെ ശ്രദ്ധിച്ചു മാത്രമേ എന്ത് മരുന്നും കഴിക്കാവൂയെന്നും കഫ് സിറപ്പ് പോലും ചിലപ്പോള്‍ വില്ലനായി മാറുമെന്നും ഷാ മുന്നറിയിപ്പ് നല്‍കുന്നു.

എന്തു കഴിക്കുമ്പോഴും വളരെയധികം ശ്രദ്ധ പുലര്‍ത്തണം. ചിലപ്പോള്‍ നിസാരമെന്നു കരുതുന്ന പാരാസെറ്റമോള്‍ പോലും ചതിച്ചേക്കാമെന്നും താരം ചൂണ്ടിക്കാട്ടി. ഏതു ചെറിയ മരുന്ന് കഴിക്കുമ്പോഴും ഡോക്ടറുടെയോ ബി.സി.സി.ഐ ഡോക്ടര്‍മാരുടെയോ അഭിപ്രായം തേടണമെന്നും പൃഥ്വി നിര്‍ദേശിക്കുന്നു.

വിലക്ക് കാരണം ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്ന കാലത്തെക്കുറിച്ച് തനിക്കു ചിന്തിക്കാന്‍ പോലുമാവുന്നില്ലെന്നു പൃഥ്വി വ്യക്തമാക്കി. ശരിക്കും പീഡനത്തിനു തുല്യമായിരുന്നു ആ എട്ടു മാസം. അതുപോലെയുള്ള പിഴവുകളുടെ പേരില്‍ ഇനിയാര്‍ക്കും ഇതു പോലെ സംഭവിക്കാന്‍ പാടില്ലെന്നും താരം പറഞ്ഞു.

Content Highlights: Prithvi Shaw opens up on doping ban