Photo: PTI
മുംബൈ: അമ്പമ്പോ പൃഥ്വി ഷാ! രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് മുംബൈയുടെ യുവതാരം പൃഥ്വി ഷാ. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഒരു ഇന്നിങ്സില്‍ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോര്‍ നേടുന്ന താരം എന്ന റെക്കോഡാണ് പൃഥ്വി ഷാ സ്വന്തമാക്കിയത്. അസമിനെതിരായ മത്സരത്തിനിടെയാണ് താരം റെക്കോഡില്‍ മുത്തമിട്ടത്.
379 റണ്‍സാണ് ഷാ അസമിനെതിരേ അടിച്ചെടുത്തത്. 383 പന്തുകളില്‍ നിന്ന് 49 ഫോറിന്റെയും നാല് സിക്സിന്റെയും സഹായത്തോടെയാണ് താരം 379 റണ്‍സ് നേടിയത്. സഞ്ജയ് മഞ്ജരേക്കറെ മറികടന്നാണ് ഷാ ഈ നേട്ടത്തിലെത്തിയത്. മഞ്ജരേക്കര്‍ 1991-ല്‍ മുംബൈയ്ക്ക് വേണ്ടി ഹൈദരാബാദിനെതിരേ നേടിയ 377 റണ്‍സിന്റെ റെക്കോഡ് ഷാ മറികടന്നു.
രഞ്ജി ട്രോഫിയില്‍ ഒരു ബാറ്ററുടെ ഏറ്റവുമുയര്‍ന്ന സ്കോര്‍ ഭാവുസാഹേബ് നിംബാല്കറിന്റെ പേരിലാണ്. 1948-ല്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടി പുറത്താവാതെ 443 റണ്‍സാണ് നിംബാല്‍ക്കര്‍ അടിച്ചെടുത്തത്. കത്തിയവാറായിരുന്നു എതിരാളികള്‍.
പൃഥ്വി ഷായുടെ പ്രകടനത്തിന്റെ മികവില്‍ മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 687 റണ്‍സെടുത്ത് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ഷായ്ക്കൊപ്പം അജിങ്ക്യ രഹാനെ 191 റണ്‍സെടുത്തു. 240 റണ്‍സ് നേടി രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഷാ ആദ്യദിനത്തിലെ അതേ ഫോം വീണ്ടും തുടര്‍ന്നു. ഇന്ന് 99 പന്തുകളില്‍ നിന്ന് 139 റണ്‍സാണ് താരം അടിച്ചെടുത്തത്.
രഞ്ജി ട്രോഫിയില്‍ ഒരു ഇന്നിങ്സില്‍ 350 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുന്ന ഒന്‍പതാമത്തെ ബാറ്റര്‍ എന്ന റെക്കോഡും ഷാ സ്വന്തമാക്കി. ഒരു ഘട്ടത്തില്‍ ഷാ 400 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തേക്കുമെന്ന് തോന്നിച്ചെങ്കിലും താരത്തെ റിയാന്‍ പരാഗ് വിക്കറ്റിന് മുന്നില്‍ കുടുക്കി പുറത്താക്കി.
ഈ സീസണില്‍ ഫോം കണ്ടെത്താനായി പാടുപെട്ട ഷായ്ക്ക് ഏറെ ആത്മവിശ്വാസം പകരുന്ന ഇന്നിങ്സാണിത്. കഴിഞ്ഞ ഏഴ് ഇന്നിങ്സുകളില്‍ നിന്ന് വെറും ഒരു അര്‍ധസെഞ്ചുറി മാത്രമാണ് താരത്തിന് നേടാനായത്. ഈ പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് ഷാ. ഇന്ത്യയ്ക്ക് വേണ്ടി അഞ്ച് ടെസ്റ്റിലും ആറ് ഏകദിനത്തിലും ഒരു ട്വന്റി 20യിലും കളിച്ച താരമാണ് പൃഥ്വി ഷാ. 2021- ജൂലായിലാണ് താരം അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.
Content Highlights: Prithvi Shaw makes second-highest Ranji Trophy score of all time
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..