മുംബൈ: ഇന്ത്യയുടെ യുവതാരങ്ങളില്‍ പ്രധാനിയാണ് പൃഥ്വി ഷാ. വിജയ് ഹസാരെ ട്രോഫിയിലും ഐപിഎല്ലിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിലേക്കും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്കുള്ള ടീമിലേക്കും താരത്തെ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. താരത്തിന്റെ ശരീരഭാരമാണ് ഇതിനു കാരണമായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെലക്ഷന്‍ ലഭിക്കണമെങ്കില്‍ ഭാരം കുറയ്ക്കണമെന്നാണ് സെലക്ടര്‍മാര്‍ പറയുന്നത്. അതുകൊണ്ടാണ് സബ്സ്റ്റിറ്റ്യൂട്ട് താരമായി കൂടി പൃഥ്വി ഷായെ പരിഗണിക്കാത്തതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് താരത്തെ ടീമില്‍ നിന്ന് നേരത്തെ പുറത്താക്കിയത്. അഡ്‌ലെയ്ഡ് ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും പൃഥ്വി ഷാ പൂജ്യത്തിന് പുറത്തായിരുന്നു.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടീമില്‍ നാല് ഓപ്പണര്‍മാരാണുള്ളത്. രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, കെ.എല്‍ രാഹുല്‍ എന്നിവരാണ് ഓപ്പണര്‍മാര്‍. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന രാഹുലിന് ഫിറ്റ്‌നെസ് തെളിയിച്ചാല്‍ മാത്രമേ ടീമിനൊപ്പം യാത്ര ചെയ്യാനാകൂ. ബംഗാളിന്റെ അഭിമന്യു ഈശ്വറാണ് സബ്സ്റ്റിറ്റ്യൂട്ട് ഓപ്പണര്‍.  

ഐപിഎല്ലില്‍ 308 റണ്‍സ് അടിച്ചുകൂട്ടിയ 21-കാരന്‍ വിജയ് ഹസാരെ ട്രോഫിയില്‍ നേടിയത് 800 റണ്‍സാണ്.

Content Highlights: Prithwi Shaw Indian Team Selectors