ഴിഞ്ഞ ഐ.പി.എല്ലിനും അതിനു ശേഷവുമുള്ള മോശം ഫോമെല്ലാം മറന്ന് അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത താരമാണ് മുംബൈ ക്യാപ്റ്റന്‍ പൃഥ്വി ഷാ. വിജയ് ഹസാരെ ട്രോഫിയില്‍ വെറും എട്ട് ഇന്നിങ്‌സുകളില്‍ നിന്ന് 827 റണ്‍സടിച്ചുകൂട്ടിയ ഷാ ടൂര്‍ണമെന്റില്‍ 800 റണ്‍സെന്ന കടമ്പ കടക്കുന്ന ആദ്യ താരമെന്ന നേട്ടവും സ്വന്തമാക്കി. 

ഫൈനലിലടക്കം മിന്നുന്ന പ്രകടനം പുറത്തെടുത്ത ഷായുടെ മികവിലാണ് മുംബൈ ഇത്തവണ വിജയ് ഹസാരെ ട്രോഫിയില്‍ മുത്തമിട്ടതും. ഒരു ഇരട്ട സെഞ്ചുറി ഉള്‍പ്പെടെ നാലു തവണയാണ് ടൂര്‍ണമെന്റില്‍ ഷാ മൂന്നക്കം കടന്നത്.

ഇപ്പോഴിതാ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ലോകോത്തര താരങ്ങളുടെ പട്ടികയിലും ഇടംനേടിയിരിക്കുകയാണ് പൃഥ്വി ഷാ. താരത്തിന്റെ 827 റണ്‍സ് ഈ പട്ടികയില്‍ ആറാം സ്ഥാനത്താണ്.

ടോം മൂഡി (1991-ല്‍ 917 റണ്‍സ്), എസ്.ജെ കുക്ക് (1990-ല്‍ 902 റണ്‍സ്), ജാക്ക് റുഡോള്‍ഫ് (2010-ല്‍ 861 റണ്‍സ്), കാള്‍ ഹൂപ്പര്‍ ( 1993-ല്‍ 854 റണ്‍സ്), ഡെസ്മണ്ട് ഹെയ്ന്‍സ് (1992-ല്‍ 839 റണ്‍സ്) എന്നിവരാണ് ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍. ഇക്കൂട്ടത്തില്‍ ആറാമനായാണ് ഷാ ഇപ്പോള്‍ ഇടംപിടിച്ചിരിക്കുന്നത്. 

മാത്രമല്ല മുകളില്‍ പറഞ്ഞിരിക്കുന്നവരെല്ലാം ഇംഗ്ലണ്ടിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. അങ്ങനെ നോക്കുമ്പോള്‍ പട്ടികയില്‍ ഇംഗ്ലണ്ടിന് പുറത്ത് ഈ നേട്ടം സ്വന്തമാക്കിയ ഒരേയൊരു താരം ഷായാണ്.

Content Highlights: Prithvi Shaw creates all time world record in List A cricket