രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് മൈതാനത്തിന് പൃഥ്വി ഷായെ നല്ല പരിചയമുണ്ട്. ഒന്നരവര്‍ഷംമുമ്പ്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ആദ്യമത്സരത്തില്‍ സെഞ്ചുറി കുറിച്ച പതിനേഴുകാരനെ ഈ മണ്ണ് എങ്ങനെ മറക്കാന്‍?

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈ-തമിഴ്നാട് സെമി ഫൈനല്‍ മത്സരം, 2017 ജനുവരിയില്‍. ആദ്യ ഇന്നിങ്സില്‍ പൃഥ്വി നാലു റണ്‍സിന് പുറത്ത്. രണ്ടാം ഇന്നിങ്സില്‍ തമിഴ്നാടിനുവേണ്ടി അഭിനവ് മുകുന്ദും ബാബ ഇന്ദ്രജിത്തും സെഞ്ചുറി നേടിയപ്പോള്‍ മുംബൈയുടെ മറുപടി പൃഥ്വി ഷായുടെ 120 റണ്‍സുകൊണ്ടായിരുന്നു. കളി ആറുവിക്കറ്റിന് ജയിച്ച് മുംബൈ ഫൈനലില്‍. പിന്നീട് ദുലീപ് ട്രോഫിയിലും അരങ്ങേറ്റത്തില്‍ സെഞ്ചുറി.

അതുകൊണ്ടുതന്നെ വെള്ളിയാഴ്ച തന്റെ ആദ്യ ടെസ്റ്റ് കളിക്കാനിറങ്ങിയ പൃഥ്വി ഷാ രാജ്കോട്ടിലെ ഗ്രൗണ്ടിനെ ബഹുമാനിച്ചു.

ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷലിസ്റ്റായ ചേതേശ്വര്‍ പുജാരയെ മറുഭാഗത്തുനിര്‍ത്തി ബാറ്റുകൊണ്ട് പാട്ടെഴുതി. ഒരു ഘട്ടത്തിലും പുതുക്കക്കാരനെന്ന് തോന്നിപ്പിക്കാതെ ആ ഇന്നിങ്സ് കുതിച്ചു. 56 പന്തില്‍ 50, പിന്നീട് 43 പന്തില്‍ സെഞ്ചുറി. അരങ്ങേറ്റമത്സരത്തില്‍ സെഞ്ചുറിയിലേക്ക് കുതിക്കുമ്പോള്‍ റണ്‍സിനൊപ്പം റെക്കോഡുകളും കൂടിക്കൊണ്ടിരുന്നു.

18 വയസ്സും 329 ദിവസവും പ്രായമുള്ള ഈ മുംബൈക്കാരന്‍ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായംകുറഞ്ഞ ഇന്ത്യക്കാരനായി. ലോക ക്രിക്കറ്റില്‍ പ്രായം കുറഞ്ഞ ഏഴാമനും. ഒട്ടാകെ 15 ഇന്ത്യക്കാര്‍ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയിട്ടുണ്ട്. ലാല അമര്‍നാഥ്, അസ്ഹറുദ്ദീന്‍, സൗരവ് ഗാംഗുലി തുടങ്ങി വീരേന്ദര്‍ സെവാഗ്, സുരേഷ് റെയ്ന, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവര്‍ ആ പട്ടികയിലുണ്ട്. അതില്‍ ഏറ്റവും പ്രായം കുറഞ്ഞവനായി പൃഥ്വി പുഞ്ചിരിച്ചു.

ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായംകുറഞ്ഞ രണ്ടാമത്തെ ഇന്ത്യക്കാരനുമായി. ഒന്നാമന്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍! മുംബൈയിലെ സ്‌കൂള്‍ ക്രിക്കറ്റില്‍ തുടങ്ങി പലകാര്യങ്ങളിലും സച്ചിന്റെ പിന്‍ഗാമിയാണ് പൃഥ്വി. സ്‌കൂള്‍തലത്തില്‍ നടക്കുന്ന ഹാരിഷ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ ഒറ്റയ്ക്ക് 546 റണ്‍സടിച്ചുകൊണ്ടാണ് പൃഥ്വി ഇന്ത്യന്‍ ക്രിക്കറ്റിന്റെ പിച്ചിലേക്ക് കാലെടുത്തുവെക്കുന്നത്. ഇതേ ടൂര്‍ണമെന്റില്‍ 326 റണ്‍സടിച്ചപ്പോഴാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന പേര് ഇന്ത്യ ആദ്യമായി ശ്രദ്ധിച്ചത്.

99 പന്തില്‍ സെഞ്ചുറി തികച്ചതോടെ അരങ്ങേറ്റത്തിലെ അതിവേഗ സെഞ്ചുറികളില്‍ മൂന്നാമത്തേതും സ്വന്തം പേരിലെഴുതി. ശിഖര്‍ ധവാന്‍ (85 പന്ത്), ഡ്വെയ്ന്‍ സ്മിത്ത് (93) എന്നിവരാണ് ഇക്കാര്യത്തില്‍ മുന്നില്‍.

ഏറെ പ്രതീക്ഷയോടെ ഇന്ത്യ കാത്തിരുന്ന പൃഥ്വിയുടെ അന്താരാഷ്ട്ര ഇന്നിങ്സ് വിജയകരമായി തുടങ്ങിയതോടെ സച്ചിന്‍മുതല്‍ ഓട്ടേറെയാളുകള്‍ അഭിനന്ദനവുമായെത്തി.

ഫസ്റ്റ് ക്ലാസില്‍ 26 ഇന്നിങ്സില്‍ ഏഴ് സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും കുറിച്ച ഈ മുംബൈക്കാരന് അരങ്ങേറ്റത്തിലെ സെഞ്ചുറികള്‍ പുത്തരിയല്ല. ഇനിയത് കത്തിപ്പടരട്ടെ.

Content Highlights: Prithvi Shaw Big figures at a young age