ലിങ്കണ്‍ (ന്യൂസീലന്‍ഡ്): ഇന്ത്യ എ ടീമിലേക്കുള്ള തിരിച്ചുവരവ് സെഞ്ചുറിയോടെ ആഘോഷമാക്കിയ യുവതാരം പൃഥ്വി ഷായുടെ മികവില്‍ ന്യൂസീലന്‍ഡ് ഇലവനെതിരായ രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യ എയ്ക്ക് ജയം.

100 പന്തില്‍ രണ്ടു സിക്‌സും 22 ബൗണ്ടറികളുമടക്കം 150 റണ്‍സെടുത്ത ഷായുടെ മികവില്‍ ഇന്ത്യ എ 372 റണ്‍സെടുത്തു. 49.2 ഓവര്‍ മാത്രമാണ് ഇന്ത്യന്‍ ഇന്നിങ്‌സ് നീണ്ടത്. എന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച ന്യൂസീലന്‍ഡ് ഇലവന്റെ പോരാട്ടം പക്ഷേ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 360-ല്‍ അവസാനിച്ചു. ഇന്ത്യ എ ടീമിന് 12 റണ്‍സിന്റെ ജയം.

വിജയ് ശങ്കര്‍ അര്‍ധ സെഞ്ചുറി (58) നേടി. മായങ്ക് അഗര്‍വാള്‍ (32), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (24), സൂര്യകുമാര്‍ യാദവ് (26), ക്രൂണാല്‍ പാണ്ഡ്യ (32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കഴിഞ്ഞ മത്സരം കളിച്ച മലയാളി താരം സഞ്ജു സാംസണ് പകരം ഈ മത്സരത്തില്‍ ഇഷാന്‍ കിഷന്‍ ടീമിലിടം നേടി. മറ്റൊരു മലയാളി താരം സന്ദീപ് വാരിയറും ടീമിലുണ്ടായിരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് ഇലവനു വേണ്ടി ജാക്ക് ബോയില്‍ സെഞ്ചുറി (130) നേടി. ഫിന്‍ അലന്‍ (87), ക്യാപ്റ്റന്‍ ഡാരില്‍ മിച്ചെല്‍ (41), ഡെയ്ന്‍ ക്ലെവര്‍ (44) എന്നിവരും കിവീസിനായി തിളങ്ങി. ഇന്ത്യ എയ്ക്കായി ഇഷാന്‍ പോറലും ക്രൂണാല്‍ പാണ്ഡ്യയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ എ 92 റണ്‍സിന്റെ വിജയം നേടിയിരുന്നു.

Content Highlights: Prithvi Shaw announces comeback in style India A beat New Zealand XI