ടറൂബ (ട്രിനിഡാഡ്): 48-ാം വയസ്സിലും കരീബിയൻ മണ്ണിൽ ആവേശ പ്രകടനവുമായി ഇന്ത്യൻ താരം. ബുധനാഴ്ച്ച കരീബിയൻ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ പ്രവീൺ താംബെയെന്ന ഇന്ത്യൻ താരം ബൗളിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ തിളങ്ങി. സെന്റ് കിറ്റ്സ് ആന്റ് നെവിസ് പാട്രിയറ്റ്സിനെതിരേ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിനുവേണ്ടിയാണ് താംബെ കളത്തിലിറങ്ങിയത്.

എവിൻ ലൂയിസും ക്രിസ് ലിന്നും ദിനേഷ് രാംദിനും അടങ്ങിയ ബാറ്റിങ് നിരയ്ക്കെതിരേ നാല് ഓവറിൽ ആകെ വഴങ്ങിയത് 12 റൺസ്. സ്വന്തം പന്തിൽ ജോഷ്വ ഡസിൽവയെ ക്യാച്ചെടുത്ത് പുറത്താക്കിയതിനൊപ്പം ക്രിസ് ലിന്നിനെതിരേ ഒരു മെയ്‌ഡൻ ഓവറും താംബെ എറിഞ്ഞു. എന്നാൽ താംബെയുടെ മാന്ത്രിക പ്രകടനം അതുകൊണ്ടും തീരുന്നില്ല. സെന്റ് കീറ്റ്സിന്റെ ഓപ്പണർ എവിൻ ലൂയിസിനെ പുറത്താക്കാൻ താംബെ എടുത്ത ക്യാച്ച് കണ്ട് കാണികൾ അമ്പരന്നു. ഖാരി പിയറിയുടെ പന്തിൽ താംബെ പന്ത് പറന്നു പിടിക്കുകയായിരുന്നു. ഈ ക്യാച്ചിന്റെ വീഡിയോ കരീബിയൻ പ്രീമിയർ ലീഗിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചിട്ടുണ്ട്.

മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നടത്തിൽ നേടിയത്‌ 174 റൺസ്. മറുപടി ബാറ്റിങ്ങിൽ സെന്റ് കീറ്റ്സിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് നേടാനേ കഴിഞ്ഞുള്ളു. ഇതോടെ അവർ 59 റൺസിന്റെ കൂറ്റൻ തോൽവിയും വഴങ്ങി.

 

Content Highlights: Pravin Tambe, Caribbean Premier League Cricket