പുണെ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നയിക്കുന്ന ടീമില്‍ പുതുമുഖ താരമായ പ്രസിദ്ധ് കൃഷ്ണയും സൂര്യകുമാര്‍ യാദവും ഇടം നേടി. 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 

ഏകദിന പരമ്പയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. ഇവ മൂന്നും പുണെയില്‍ വെച്ചാണ് നടക്കുക. മാര്‍ച്ച് 23 നാണ് ആദ്യ മത്സരം. 26, 28 തീയതികളില്‍ മറ്റ് രണ്ട് മത്സരങ്ങള്‍ കളിക്കും. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ച ചില താരങ്ങള്‍ക്ക് അവസരം നഷ്ടമായി. 

മായങ്ക് അഗര്‍വാള്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മനീഷ് പാണ്ഡെ, നവ്ദീപ് സൈനി, സഞ്ജു സാംസണ്‍ എന്നിവര്‍ ടീമില്‍ നിന്നും പുറത്തായി. കല്യാണവുമായി ബന്ധപ്പെട്ട് ബുംറയ്ക്ക് ബി.സി.സി.ഐ അവധി നല്‍കിയതാണ്. മനീഷ് പാണ്ഡെയ്ക്കും ടീമിലിടം നേടാനായില്ല. യുവതാരം പ്രസിദ്ധ് കൃഷ്ണയും ക്രുനാൽ പാണ്ഡ്യയും സൂര്യകുമാര്‍ യാദവുമാണ് ടീമിലെ പുതുമുഖങ്ങള്‍. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തതിന്റെ ബലത്തിലാണ് സൂര്യകുമാര്‍ ടീമിലിടം നേടിയത്. ക്രുനാൽ പാണ്ഡ്യയ്ക്കും ഏകദിനത്തിൽ ആദ്യമായി അവസരം ലഭിച്ചു.

25 കാരനായ കൃഷ്ണ കര്‍ണാടകയ്ക്ക് വേണ്ടി മികച്ച കളി പുറത്തെടുത്തതിന്റെ മികവിലാണ് ടീമിലിടം നേടിയത്. വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പൃഥ്വി ഷായ്ക്കും ദേവ്ദത്ത് പടിക്കലിനും അവസരം ലഭിച്ചില്ല.

വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ബാറ്റ്‌സ്മാന്‍മാര്‍. ഋഷഭ് പന്ത്, കെ.എല്‍.രാഹുല്‍ എന്നിവര്‍ വിക്കറ്റ് കീപ്പര്‍മാരായി ടീമിലിടം നേടി. ഓള്‍ റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ടീമിലിടം നേടി. യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായും ടി.നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ പേസ് ബൗളര്‍മാരായും ടീമിലിടം നേടി. 

Content Highlights: Prasidh Krishna called up for ODI series against England