പുണെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിനിടെ പുതിയ റെക്കോഡ് സ്വന്തമാക്കി അരങ്ങേറ്റ താരം പ്രസിദ്ധ് കൃഷ്ണ. അരങ്ങേറ്റ മത്സരത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം എന്ന റെക്കോഡാണ് പ്രസിദ്ധ് സ്വന്തമാക്കിയത്. 

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഏകദിനത്തില്‍  ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം അരങ്ങേറ്റ മത്സരത്തില്‍ തന്നെ നാല് വിക്കറ്റുകള്‍ വീഴ്ത്തുന്നത്. 

ആദ്യ മൂന്നോവറില്‍ 37 റണ്‍സ് വഴങ്ങിയ പ്രസിദ്ധ് പിന്നീട് അവിശ്വസനീയമായി തിരിച്ചുവന്ന് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക ഘടകമായി. 8.1 ഓവറില്‍ ഒരു മെയ്ഡനടക്കം 54 റണ്‍സ് വഴങ്ങിയാണ് താരം നാല് വിക്കറ്റെടുത്തത്. അതായത് അവസാന അഞ്ചോവറില്‍ പ്രസിദ്ധ് വഴങ്ങിയത് വെറും 17 റണ്‍സ് മാത്രം. വീഴ്ത്തിയതോ നാലുവിക്കറ്റും. അതില്‍ ഒരു മെയ്ഡന്‍ ഓവറും. 

സ്വപ്നതുല്യമായ അരങ്ങേറ്റം ലഭിച്ച പ്രസിദ്ധ് ടീമില്‍ സ്ഥാനം ഉറപ്പിച്ചേക്കും. കര്‍ണാടക സ്വദേശിയായ പ്രസിദ്ധ് ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിച്ചാണ് സെലക്ടര്‍മാരുടെ കണ്ണില്‍പ്പെട്ടത്. ഇന്ന് പ്രസിദ്ധിനൊപ്പം അരങ്ങേറിയ ക്രുനാല്‍ പാണ്ഡ്യ അതിവേഗ അര്‍ധസെഞ്ചുറി നേടി റെക്കോഡിട്ടിരുന്നു.

Content Highlights: Prasidh Krishna became the first indian to get four wickets on the debut